രജത് മേനോൻ വധം: രാജ്യ വ്യാപകമായ പ്രതിക്ഷേധത്തിനു അഹ്വാനം നൽകി പഞ്ചാബ് മലയാളികൾ
Saturday, July 9, 2016 5:39 AM IST
ലുധിയാന: ഡൽഹിയിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥി രജത് മേനോനും കുടുംബത്തിനും നീതി ലഭിക്കണമെന്നു ആവശ്യപ്പെട്ടും പഞ്ചാബിലും മറ്റു അയൽ സംസ്‌ഥാനങ്ങളിലും വർധിച്ചു വരുന്ന മയക്കുമരുന്നു ഉപയോഗവും വില്പനയും കള്ളക്കടത്തും ശക്‌തമായ നിയമ സംവിധാനം ഉപയോഗിച്ചു തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചാബിലെ വിവിധ സാമൂഹിക സാംസ്കാരിക മത സംഘടനകൾ ലുധിയാനയിലെ സാമ്രാല ചൗക്കിൽ മെഴുകുതിരി കത്തിച്ചു നടത്തിയ പ്രതിക്ഷേധ റാലിയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, കേരള കലാ വേദി, ഉദയ കേരള ക്ലബ്ബ്, ലുധിയാന മലയാളി അസോസിയേഷൻ, സേവാ, ജലന്ധർ മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ തുടങ്ങിയ സംഘടനയിലെ അംഗങ്ങളും വിവിധ മതസ്‌ഥാപനങ്ങളിലെ അധികാരികൾ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.

പ്രതിക്ഷേധ സൂചകമായി ഡൽഹി പോലീസിനെതിരെയും മയക്കുമരുന്നു മാഫിയയ്ക്കെതിരെയും ശക്‌തമായ മുദ്രാവാക്യങ്ങൾ മുഴക്കി. പഞ്ചാബിൽ ശക്‌തമായി നിലനിൽക്കുന്ന മയക്കുമരുന്നു മാഫിയയുടെ ഇടപെടൽ ഉണ്ടാവാനുള്ള സാധ്യത കണക്കികലെടുത്തു ഉന്നത പോലീസ് അധികാരികളുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹവും ഒരുക്കിയിരുന്നു. തുടർന്നു ഉന്നത അധികാരികൾ മലയാളി പ്രതിനിധികളുമായി ചർച്ച നടത്തുകയും ജനങ്ങളുടെ പ്രതിക്ഷേധം രേഖാമൂലം ഡൽഹി പോലീസിനെയും കേന്ദ്ര സർക്കാരിനെയും അറിയിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ രാജ്യവാപകമായി ഈ പ്രശ്നം ഏറ്റെടുത്തു പ്രതിക്ഷേധം നടത്തുമെന്നു മലയാളി സംഘടനകൾ പറഞ്ഞു.

ചടങ്ങിൽ അലക്സ് പി. സുനിൽ, പി.എൻ. രമണൻ, സോമൻ ബാബു, നിതിൻ സി. കുരുവിള, സുഭാഷ്, ബാലകൃഷ്ണൻ, ജ്യോതിഷ് കുമാർ, പി.ടി. ചാക്കോ, മധു ജോസ്, മഗേഷ് നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.