മാതാപിതാക്കളുടെ വിശ്വാസജീവിതമായിരിക്കണം മക്കൾക്ക് പ്രചോദനമാകേണ്ടത്: മാർ ബോസ്കോ പുത്തൂർ
Monday, July 11, 2016 8:11 AM IST
മെൽബൺ: മാതാപിതാക്കൾക്ക് ബോധ്യമില്ലാത്തതും വിശ്വാസമില്ലാത്തതുമായ കാര്യങ്ങളിൽ മക്കൾക്കു വിശ്വാസവും ബോധ്യവും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കരുതെന്നു മാർ ബോസ്കോ പുത്തൂർ. സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയത്തിൽ മുഖ്യകാർമികത്വം വഹിച്ച് 22 കുട്ടികൾക്കു പ്രഥമദിവ്യകാരുണ്യവും സൈ്‌ഥര്യലേപനവും നല്കി ദിവ്യബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വിശുദ്ധ കൊച്ചുത്രേസ്യാ വിശുദ്ധയായിത്തീർന്നത് നല്ല മാതൃക നല്കിയ മാതാപിതാക്കൾ കാരണമാണ്. ദൈവം സ്നേഹമാണെന്ന് അനുഭവിച്ചറിയുന്ന ഏറ്റവും മനോഹരമായ നിമിഷമാണ് വിശുദ്ധ കുർബാനയിൽ ഈശോയെ സ്വീകരിക്കുമ്പോൾ നമുക്കു ലഭിക്കുന്നത്. വിശുദ്ധ കുർബാനയിൽ സജീവമായി പങ്കെടുത്തുകൊണ്ട് ഈശോയുടെ സാന്നിധ്യത്തെ ബോധപൂർവം അംഗീകരിച്ചുകൊണ്ട് ഫലദായകമാകുവാൻ നാം ശ്രമിക്കണമെന്നും മാർ പുത്തൂർ ഓർമിപ്പിച്ചു.

ദിവ്യബലിയിൽ രൂപത ചാൻസലറും കത്തീഡ്രൽ വികാരിയുമായ റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കൽ, ഫാ. തോമസ് കുറുന്താനം എന്നിവർ സഹകാർമികരായിരുന്നു. മൂന്നു മാസത്തോളം കുട്ടികളെ പരിശീലിപ്പിച്ചൊരുക്കിയ ജോബി ഫിലിപ്പ്, ഗ്ലാഡിസ് സെബാസ്റ്റ്യൻ, ജോയ്സി ആന്റണി എന്നിവർക്കും മതബോധന കുട്ടികളുടെ നേതൃത്വത്തിലുള്ള കത്തീഡ്രൽ ജൂണിയർ ഗായകസംഘത്തിനും ഗ്രാൻഡ് പേരന്റ്സിന്റെ പ്രതിനിധികളായി കുട്ടികളെ കൂദാശ വേദിയിലേക്ക് ആനയിച്ച ആന്റണി മുണ്ടേംപിള്ളി, റോസമ്മ ആന്റണി എന്നിവർക്കും അൾത്താര മനോഹരമായി അലങ്കരിച്ച ബേബി മാത്യു, ഷാജി വർഗീസ് എന്നിവർക്കും വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ