ദീർഘദൂര സ്വകാര്യബസുകൾക്ക് ഇനി നഗരത്തിൽ പ്രവേശനമില്ല
Tuesday, July 12, 2016 5:32 AM IST
ബംഗളൂരു: ദീർഘദൂര സ്വകാര്യബസുകൾക്ക് ഇനി നഗരത്തിൽ പ്രവേശനമില്ല. സംസ്‌ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വിലക്ക് ബാധകമാണ്. സംസ്‌ഥാന ഗതാഗത അഥോറിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. നഗരത്തിനു തൊട്ടുവെളിയിലുള്ള ടെർമിനലുകളിൽ യാത്രക്കാരെ ഇറക്കാനാണ് നിർദേശംനല്കിയിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവുംപരിഹരിക്കുന്നതിനാണ് ഈ നടപടിയെന്ന് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. പുതിയ നിർദേശം സംബന്ധിച്ച് നോട്ടീസുകൾ സ്വകാര്യ ബസ് ഉടമകൾക്ക് നല്കിയിട്ടുണ്ട്.

പുതിയ നിർദേശപ്രകാരം ദീർഘദൂര സ്വകാര്യബസുകൾ നഗരത്തിനു പുറത്തുനിന്ന് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യണം. മംഗളൂരു ഭാഗത്തുനിന്നു വരുന്ന സ്വകാര്യബസുകൾ പീനിയ കെഎസ്ആർടിസി ടെർമിനലിൽ യാത്രക്കാരെ ഇറക്കണം. മൈസൂരു ഭാഗത്തുനിന്നു വരുന്ന ബസുകൾ കെങ്കേരി സാറ്റലൈറ്റ് ബസ് ടെർമിനലിലും യാത്രക്കാരെ ഇറക്കണം. ദീർഘദൂര യാത്രക്കാർക്ക് പീനിയ, കെങ്കേരി, ബസ് ടെർമിനലുകളിലേക്കും തിരിച്ചും യാത്രയ്ക്കായി ബിഎംടിസി ബസുകളെ ഉപയോഗിക്കാമെന്നാണ് ഗതാഗതവകുപ്പിന്റെ നിലപാട്. മെട്രോ സർവീസുകളും യാത്രക്കാർക്ക് ഫലപ്രദമായി ഉപയോഗിക്കാമെന്നും അധികൃതർ പറയുന്നു. എന്നാൽ കോൺട്രാക്ട് വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാകില്ല. റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി, എസ്ടിഎ എന്നിവിടങ്ങളിൽ നിന്ന് പെർമിറ്റ് നല്കാത്ത വാഹനങ്ങൾക്കാണ് ഇത് ബാധകം.

ദീർഘദൂര സ്വകാര്യബസുകൾ നഗരത്തിൽ ഗതാഗതക്കുരുക്കിനും അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുന്നുവെന്ന് ട്രാഫിക് അഡീഷണൽ കമ്മീഷണർ ആർ. ഹിതേന്ദ്ര ഗതാഗതവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നഗരത്തിൽ ദീർഘദൂര സ്വകാര്യബസുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. വിലക്കിനെതിരേ സ്വകാര്യബസുടമകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിർദേശം നടപ്പാക്കുന്നതോടെ മലയാളികളടക്കമുള്ള നിരവധി പേർക്ക് നഗരത്തിലെത്താൻ ബുദ്ധിമുട്ടേണ്ടിവരും.