അധ്യാപികയെ സ്‌ഥലം മാറ്റി; വിദ്യാർഥികൾ റോഡ് ഉപരോധിച്ചു
Tuesday, July 12, 2016 5:33 AM IST
മൈസൂരു: അധ്യാപികയെ സ്‌ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ റോഡ് ഉപരോധിച്ചു. കനകപുരയ്ക്കു സമീപം കെംപഗൗഡ ദൊഡ്ഡിയിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ വിദ്യാർഥികളാണ് വെള്ളിയാഴ്ച റോഡ് ഉപരോധിച്ചത്. ഇതേത്തുടർന്ന് രാമനഗര–മാഗഡി പാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

അടുത്തിടെയാണ് സ്കൂളിലെ അധ്യാപികയായ അനസൂയമ്മയെ സ്‌ഥലംമാറ്റിയത്. വിദ്യാർഥികളുടെ പ്രിയങ്കരിയായ അധ്യാപികയെ സ്‌ഥലംമാറ്റിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ അന്നു മുതൽതന്നെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് വകുപ്പിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ വിദ്യാർഥികൾ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ അധ്യാപികയെ തിരിച്ചുവേണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് അവർ റോഡിൽ കുത്തിയിരുന്നത്. ഉപരോധസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട്ടുകാർ കൂടിയെത്തിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിലെത്തിയത്.

ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ കുമാരസ്വാമി സ്‌ഥലത്തെത്തി നടത്തിയ ചർച്ചയെ തുടർന്നാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്. വിഷയത്തിന് പരിഹാരം കണ്ടെത്താമെന്ന് അദ്ദേഹം ഉറപ്പുനല്കി. അതേസമയം, സമരസ്‌ഥലത്തുനിന്ന് മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസിൽനിന്ന് ഓഫീസർ എത്തിയത് രണ്ടു മണിക്കൂറിനു ശേഷമാണെന്ന് ആക്ഷേപമുയരുന്നുണ്ട്.