ഗൾഫ് മലയാളികൾക്കു വീട്ടുസാധനങ്ങൾ ഡ്യൂട്ടി കൊടുക്കാതെ കൊണ്ടുവരാം
Wednesday, July 13, 2016 1:36 AM IST
നെടുമ്പാശേരി: കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ച കസ്റ്റംസ് ഡ്യൂട്ടി ഇളവ് വിദേശ ഇന്ത്യക്കാർക്ക് ഏറെ ഗുണകരമാകും. ഗൾഫ് മലയാളികൾക്കാണ് ഇതിന്റെ പ്രയോജനം ഏറെ ലഭിക്കുക. താരതമ്യേന താഴ്ന്ന വരുമാനക്കാരായ ഭൂരിപക്ഷം വരുന്ന ഗൾഫ് മലയാളികൾക്ക് തങ്ങളുടെ വീടുകളിലേക്ക് ആവശ്യസാധനങ്ങൾ ഇനി ഡ്യൂട്ടി കൊടുക്കാതെ കൊണ്ടുവരാനാകും. ചെറിയതോതിലുള്ള കള്ളക്കടത്ത് നിയന്ത്രിക്കാനും ഇളവ് കൊണ്ടു കഴിയും.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ വിദേശത്തു നിന്നു ഡ്യൂട്ടി കൂടാതെ കൊണ്ടുവരാനുള്ള സാധനങ്ങളുടെ വില അഞ്ചിരട്ടി വർധിപ്പിച്ചിട്ടുണ്ട്. 5,000 രൂപയായിരുന്നത് കഴിഞ്ഞ ദിവസം 25,000 രൂപയായി വർധിപ്പിച്ചു. മൂന്നു ഘട്ടമായിട്ടാണ് ഈ വർധന പ്രഖ്യാപിച്ചത്. വിദേശത്തു നിന്നു നാട്ടിലേക്ക് വരുന്ന ഒരാൾക്ക് 25,000 രൂപ വിലയുള്ള സാധനങ്ങൾ ഇപ്പോൾ ഡ്യൂട്ടി കൊടുക്കാതെ കൊണ്ടുവരാൻ കഴിയും. ഫ്രിഡ്ജ്, ടിവി, മിക്സി, ഗ്രൈൻഡർ, കംപ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴാണ് ഡ്യൂട്ടി ഒഴിവായതിന്റെ ഗുണം ഏറെ ലഭിക്കുന്നത്. ഇവയെല്ലാം വീടുകളിലെ അവശ്യ സാധനങ്ങളാണെന്നതാണ് ഗുണകരം.

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 100 ശതമാനം വരെയാണ് ഡ്യൂട്ടി. കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പിൽ കച്ചവടം കൂടാൻ പുതിയ ഇളവ് സഹായകമാകുമെന്നാണ് പ്രതീക്ഷ. വിദേശ മദ്യവും പെർഫ്യൂമുകളും ചോക്ലേറ്റും കളിപ്പാട്ടങ്ങളുമാണ് ഇവിടെ അധികം വിറ്റഴിക്കുന്നത്. ഗൾഫിൽ നിന്നു വരുന്നവർ ഏറെ വാങ്ങുന്ന സാധനങ്ങളും ഇവയാണ്.