ഹൂസ്റ്റൺ എക്യുമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ്: സെന്റ് ജോസഫ് ജേതാക്കൾ
Wednesday, July 13, 2016 5:52 AM IST
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ നടന്ന രണ്ടാമത് ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ക്രിക്കറ്റ് ടീം ജേതാക്കളായി.

അവസാനം വരെ ആവേശം നിറഞ്ഞു നിന്ന ഫൈനലിൽ ഇമ്മാനുവൽ മാർത്തോമ ടീമിനെ നാലു വിക്കറ്റിനാണു പരാജയപ്പെടുത്തിയത്. ടോസ് ലഭിച്ച സെന്റ് ജോസഫ് ടീം ഇമ്മാനുവൽ ടീമിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. പതിനഞ്ച് ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എടുക്കാനേ ഇമ്മാനുവൽ മാർത്തോമ ടീമിനു കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗ് ആരംഭിച്ച സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ടീം 12 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എടുത്തു.

സെന്റ് ജോസഫ് ടീമിലെ അംഗങ്ങളായ ബിജു ചാലയ്ക്കൽ മികച്ച ബൗളറായും ജിതിൻ ഏബ്രഹാം മികച്ച ബാറ്റ്സ്മാനായും ജോർജ് ഐസക്ക് മാൻ ഓഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ചാമ്പ്യൻമാർക്ക് എബി മാത്യു സംഭാവന ചെയ്ത കെ.കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫി ലഭിച്ചപ്പോൾ അപ്നാ ബസാർ സംഭാവന ചെയ്ത റണ്ണേഴ്സ് അപ്പ് ട്രോഫി ഇമ്മാനുവൽ ടീമിനു ലഭിച്ചു.

ഹൂസ്റ്റണിലെ പ്രമുഖ എക്യുമെനിക്കൽ ക്രിക്കറ്റ് ടീമുകളായ ഇമ്മാനുവൽ മാർത്തോമ, സെന്റ് ജോസഫ് ടീമുകളോടൊപ്പം ട്രിനിറ്റി മാർത്തോമ, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്, സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ്, സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്, സെന്റ് ജെയിംസ് ക്നാനായ എന്നീ ടീമുകളാണു ടൂർണമെന്റിൽ മാറ്റുരച്ചത്.

ടൂർണമെന്റിന്റെ വിജയത്തിനായി ഫാ. ഏബ്രഹാം സഖറിയ, എബി മാത്യു, നൈനാൻ വീട്ടിനാൽ, റെജി കോട്ടയം, തോമസ് വൈക്കത്തുശേരിൽ, ഡോ. അന്ന കെ. ഫിലിപ്പ്, റോബിൻ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി