ഗൾഫ് മലയാളികൾക്ക് സന്തോഷവാർത്ത; വിമാന കമ്പനികളുടെ കൊള്ള ഓഗസ്റ്റ് ഒന്നു മുതൽ നടക്കില്ല
Thursday, July 14, 2016 2:18 AM IST
ന്യൂഡൽഹി: വിമാന കമ്പനികളുടെ കൊള്ളയ്ക്കു തടയിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം കൊണ്ടുവന്ന പുതിയ പരിഷ്കാരം ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും. വിമാന ടിക്കറ്റുകൾ റദ്ദാക്കാനുള്ള ഫീസ് കുത്തനെ കുറയ്ക്കുന്ന പരിഷ്കാരമാണ് ഓഗസ്റ്റ് മുതൽ ആരംഭിക്കുന്നത്. നേരത്തെ ടിക്കറ്റ് റദ്ദാക്കുമ്പോൾ ചെയ്യുമ്പോൾ വൻ തുക പെനാൽറ്റി ഈടാക്കിയിരുന്നു. ഓഗസ്റ്റ് ഒന്നു മുതലുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് അധിക നിരക്കുകൾ ഈടാക്കരുതെന്നാണ് വിമാനക്കമ്പനികളോട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിർദേശം.

വിദേശ രാജ്യങ്ങളിലേയ്ക്കു പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമാണ് പുതിയ ഉത്തരവ്. പുതിയ നിർദേശങ്ങളും ഡിജിസിഎ വിമാനകമ്പനികൾക്കു മുന്നിൽവച്ചിട്ടുണ്ട്. റീഫണ്ട് ഫീസ് എത്രയായിരിക്കുമെന്ന് വിമാനക്കമ്പനികൾ യാത്രികരെ നേരത്തെ അറിയിക്കണം, യാത്രക്കാരുടെ സംശയങ്ങൾ വ്യക്‌തമായി പറഞ്ഞുകൊടുക്കണം എന്നിവയാണ് നിർദ്ദേശങ്ങൾ.

വിമാനകമ്പനികൾ ടിക്കറ്റ് റദ്ദാക്കൽ നിരക്ക് കുത്തനെ കൂട്ടുന്നത് വൻവിമർശനത്തിന് ഇടയാക്കിയിരുന്നു. എല്ലാത്തരത്തിലുള്ള ടിക്കറ്റുകളുടെ റദ്ദാക്കലിനും നിർദേശം ബാധകമാണ്. നികുതി, വിവിധ ഡെവലപ്മെന്റ് ഫീസുകൾ, പാസഞ്ചർ സർവീസ് ഫീസ് എന്നിവയുൾപ്പെടെ റീഫണ്ട് തുക യാത്രികർക്ക് തിരിച്ചു നൽകണമെന്നാണ് നിർദേശം.

കഴിഞ്ഞമാസം കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഈ നിർദേശവുമായി ആദ്യം മുന്നോട്ടെത്തിയത്. റീഫണ്ട് തുക യാത്രികന് പണമായി വാങ്ങുകയോ ക്രെഡിറ്റിലേക്ക് കൂട്ടിച്ചേർക്കുകയോ ചെയ്യാം.