കാതോലിക്കാ ബാവയ്ക്ക് ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ രാജകീയ വരവേൽപ്പ്
Thursday, July 14, 2016 4:48 AM IST
ഷിക്കാഗോ: ഷിക്കാഗോയിൽ പ്രഥമ അപ്പസ്തോലിക് സന്ദർശനത്തിനു എത്തിയ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിൽ ഉജ്വല സ്വീകരണം നൽകി.

ജൂലൈ മൂന്നിനു വൈകുന്നേരം 5.50–നു പരിശുദ്ധ പിതാവും സംഘവും ബെൽവുഡ് വില്ലേജ് അതിർത്തിയിൽ എത്തിയപ്പോൾ വില്ലേജിന്റെ പൂർണ ബഹുമതികളോടെ സ്വീകരിച്ച് സെന്റ് ചാൾസ് റോഡിലൂടെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി ഇരുപത്തിയേഴാം സ്ട്രീറ്റിയിൽ എത്തിയപ്പോൾ ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ മേഖലയിലെ വൈദീകരും, വിശ്വാസികളും ചേർന്നു സ്വീകരിച്ചു. കൊടി, കുരിശ്, മുത്തുക്കുട, കത്തിച്ച മെഴുകുതിരി, ചെണ്ട–വാദ്യ മേളങ്ങളുടെ അകമ്പടിയോടുകൂടി കത്തീഡ്രലിന്റെ പ്രധാന കവാടത്തിൽ എത്തിയപ്പോൾ വികാരി ഫാ. ഡാനിയേൽ ജോർജ്, ട്രസ്റ്റി ജോൺ പി. ജോൺ, സെക്രട്ടറി റീനാ വർക്കി, പി.സി. വർഗീസ് തുടങ്ങിയവർ ചേർന്നു സ്വീകരിച്ച് കത്തീഡ്രലിലേക്ക് ആനയിച്ചു. തുടർന്ന് പരിശുദ്ധ ബാവായുടെ മുഖ്യകാർമികത്വത്തിൽ കാനോനിക നമസ്കാരവും വാഴ്വും നടന്നു.

തുടർന്നു നടന്ന സമ്മേളനത്തിൽ അഭി. അലക്സിയോസ് മാർ യൗസോബിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഫാ. ഡാനിയേൽ ജോർജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ബെൽവുഡ് വില്ലേജ് മേയറുടെ ആശംസാസന്ദേശം ഏബ്രഹാം വർക്കി സദസിൽ വായിച്ച് പരിശുദ്ധ പിതാവിനു സമർപ്പിച്ചു.

അധ്യക്ഷ പ്രസംഗത്തിനുശേഷം കത്തീഡ്രലിൽനിന്ന് ഈ വർഷം ഗ്രാജ്വേറ്റ് ചെയ്ത വിദ്യാർഥികളെ അനുമോദിച്ചു. തുടർന്നു പരിശുദ്ധ പിതാവ് അപ്പസ്തോലികാ പ്രബോധനം നൽകി. മാർത്തോമാൾീഹായാൽ സ്‌ഥാപിതമായ ഓർത്തഡോക്സ് സഭയുടെ അപ്പോസ്തോലിക പൈതൃകം കാത്തുസൂക്ഷിക്കുവാൻ സഭാ മക്കൾ പ്രതിജ്‌ഞാബദ്ധരാണെന്നു പരിശുദ്ധ ബാവ ഓർമ്മിപ്പിച്ചു. കാതോലിക്ക എന്നു പറയുന്ന സ്‌ഥാനിയെ രാജകീയമായി വരവേറ്റതിൽ വിശ്വാസികൾക്കു സഭയോടുള്ള ബന്ധത്തിന്റെ ഒരു വലിയ അടയാളമാണെന്നും, സഭയോടും പിതാക്കന്മാരോടുമുള്ള സ്നേഹവും ആദരവും അതിന്റെ പ്രധാന സൂചനയായി കാണുന്നുവെന്നും പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഷിബു മാത്യു എവർക്കും കൃതജ്‌ഞത അർപ്പിച്ചു. സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.

സമ്മേളനത്തിന്റെ വിജയത്തിനായി ജോൺ പി. ജോൺ, റീനാ വർക്കി. ഷിബു മാത്യു, റേച്ചൽ ജോസഫ്, ഏറൺ പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം