ഫാമിലി കോൺഫറൻസിനു ഭക്‌തിനിർഭരമായ തുടക്കം
Thursday, July 14, 2016 5:16 AM IST
എലൻവിൽ: വിശ്വാസതീക്ഷ്ണതയിൽ അടിയുറച്ച സഭാസ്നേഹത്തിന്റെയും ആത്മവിശുദ്ധിയുടെ മഹത്വവും വിളിച്ചോതി മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനു ഭക്‌തിനിർഭരമായ തുടക്കം.

കുടുംബക്കൂട്ടായ്മയുടെ പ്രാധാന്യം ഉയർത്തിക്കാണിച്ച് വൈകുന്നേരം നടന്ന ഘോഷയാത്രയോടെയാണ് കോൺഫറൻസിനു തുടക്കമായത്. ഭക്‌തിഗാനങ്ങളുടെയും സഭാവിശ്വാസപ്രഖ്യാപനങ്ങളുടെയും സഭയോടും മെത്രാപ്പോലീത്തമാരോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ടും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ കുട്ടികളും യുവജനങ്ങളും സ്ത്രീപുരുഷന്മാരും വൈദികരും മെത്രാപ്പോലീത്തന്മാരും ഒരുമിച്ചു ചേർന്നു നടത്തിയ ഘോഷയാത്ര അവിസ്മരണീയമായി. 18 പേർ ചേർന്നു നടത്തിയ ശിങ്കാരിമേളമായിരുന്നു ഒരു ഹൈലൈറ്റ്. എൽമോണ്ട് സെന്റ് ഗ്രിഗോറിയോസ് ചർച്ചിന്റെ നേതൃത്വത്തിലായിരുന്നു മേളം. ലോബിയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നിറപ്പകിട്ടാർന്ന വിധത്തിൽ മനോഹരമാക്കാൻ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു. ഘോഷയാത്രയുടെ ഏറ്റവും മുന്നിൽ ബാനറും പിടിച്ച് ഭദ്രാസന കൗൺസിൽ അംഗങ്ങളും കോൺഫറൻസ് കമ്മിറ്റിയംഗങ്ങളും അടിവച്ചടിവച്ചു നീങ്ങി. കറുത്ത പാന്റും വെളുത്ത ഷർട്ടും ഓരോ ഏരിയയ്ക്കും നിശ്ചയിച്ചിരുന്ന കളറോടു കൂടിയ ടൈയുമാണു പുരുഷന്മാർ ധരിച്ചിരുന്നത്. സ്ത്രീകൾ അതിനുയോജിച്ച സാരിയും ബ്ലൗസും ധരിച്ചായിരുന്നു വേഷം. ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റർ, അപ്സ്റ്റേറ്റ് ന്യൂയോർക്ക്, ബോസ്റ്റൺ എന്നിവിടങ്ങളിൽ നിന്നുള്ളവർ ചുവപ്പ് നിറവും ക്യൂൻസ്, ലോംഗ് ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർ മഞ്ഞയും ന്യൂജേഴ്സി, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർ പച്ച കളർ വസ്ത്രങ്ങളുമണിഞ്ഞാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. ഫിലഡൽഫിയ, ബാൾട്ടിമൂർ, വാഷിംഗ്ടൺ ഡിസി, വിർജീനിയ, നോർത്ത് കരോളിന, റോക്ക്ലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർ നീല നിറത്തിൽ ശ്രദ്ധേയരായി. മാത്യു വർഗീസ് ഘോഷയാത്രയുടെ കൺവീനറായിരുന്നു.

തുടർന്നു നടന്ന ഉദ്ഘാടന സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കോളോവോസ് ഉദ്ഘാടനം ചെയ്തു. കോൺഫറൻസിന്റെ ഗുണമേന്മ നിലനിർത്തേണ്ടതിന്റെ ആവശ്യകത മെത്രാപ്പോലീത്ത ഊന്നിപ്പറഞ്ഞു. കോൺഫറൻസിലെ പ്രധാന പ്രാസംഗികനായ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഫാ. ക്രിസ്റ്റഫർ മാത്യു, എലിസബത്ത് ജോയി എന്നിവരെ കോൺഫറൻസ് കോ–ഓർഡിനേറ്റർ ഫാ. വിജയ് തോമസ് പരിചയപ്പെടുത്തി.

ദൈവത്തിന്റെ സൃഷ്‌ടി സുന്ദരമാണെന്നും ആ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ആശംസാ പ്രസംഗത്തിൽ മാർ ദീയസ്കോറോസ് അനുസ്മരിച്ചു.

കോൺഫറൻസിന്റെ സ്മരണികയുടെ പ്രകാശനം ഉദ്ഘാടനചടങ്ങുകളുടെ ശ്രദ്ധയാർന്ന പരിപാടിയായി മാറി. സുവനീയറിന്റെ ചീഫ് എഡിറ്റർ ലിൻസി തോമസിൽ നിന്നും കോപ്പി ഏറ്റുവാങ്ങി മാർ ദീയസ്കോറോസിനു നൽകി മാർ നിക്കോളോവോസ് പ്രകാശനം നിർവഹിച്ചു. സുവനീയർ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും മാർ നിക്കോളോവോസ് ഉപഹാരങ്ങൾ സമ്മാനിച്ചു. സുവനീയർ ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ഡോ.സാക്ക് സക്കറിയ, കോൺഫറൻസ് ജനറൽ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറർ ജീമോൻ വർഗീസ്, കോഓർഡിനേറ്റർ ഫാ. വിജയ് തോമസ് എന്നിവർ പ്രസംഗിച്ചു.

കോൺഫറൻസിൽ പാലിക്കേണ്ട നിയമാവലികൾ ഓൺസൈറ്റ് റെസ്പോൺസിബിലിറ്റിയുള്ള ജെസി തോമസ് വിവരിച്ചു. യോഗത്തിനു ശേഷം ഏയ്ഞ്ചൽ മെലഡീസ് ഗ്രൂപ്പ് നയിച്ച ഗാനമേളയ്ക്ക് ജോസഫ് പാപ്പൻ (റെജി) നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ