നഞ്ചൻകോട്– നിലമ്പൂർ പാതയെ എതിർത്ത് വീണ്ടും കർണാടക
Thursday, July 14, 2016 5:23 AM IST
ബംഗളൂരു: കേരളത്തിന്റെ പ്രതീക്ഷയായിരുന്ന നഞ്ചൻകോട്–നിലമ്പൂർ റെയിൽപ്പാതയെ എതിർത്ത് വീണ്ടും കർണാടക. ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന പാത പരിസ്‌ഥിതിക്കും വന്യമൃഗങ്ങൾക്കും ദോഷംചെയ്യുമെന്നു ചൂണ്ടിക്കാട്ടിയാണ് കർണാടക വനംവകുപ്പ് പദ്ധതിയെ എതിർക്കുന്നത്.

റെയിൽപാതയുടെ സർവേ നടത്താൻ കേരളം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എതിർപ്പ് ശക്‌തമാക്കി കർണാടക രംഗത്തെത്തിയത്. വനത്തിന്റെ ഉള്ളിലൂടെ റെയിൽപ്പാത വരുന്നത് കടുവാസങ്കേതത്തിന് ദോഷകരമാണെന്നും മൃഗങ്ങളുടെ സ്വൈരവിഹാരത്തെ ബാധിക്കുമെന്നും വനംവകുപ്പ് ചൂണ്ടിക്കാട്ടുന്നു. റെയിൽവേയും കേരള സർക്കാരും നേരത്തെ സമീപിച്ചപ്പോഴും ബന്ദിപ്പൂരിൽ നിർമാണപ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന നിലപാടാണ് കർണാടക സ്വീകരിച്ചിരുന്നത്.

പദ്ധതിക്കെതിരേ പ്രതിഷേധവുമായി പരിസ്‌ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. റെയിൽപ്പാത വന്നാൽ മറ്റു പദ്ധതികൾക്കു വേണ്ടിയും വനഭൂമി വിട്ടുകൊടുക്കേണ്ടിവരുമെന്നാണ് പരിസ്‌ഥിതിവാദികളുടെ പക്ഷം.

മൂന്നു സംസ്‌ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നഞ്ചൻകോട്–നിലമ്പൂർ പാതയ്ക്ക് കഴിഞ്ഞ റെയിൽവേ ബജറ്റിൽ തത്വത്തിൽ അംഗീകാരം നല്കിയിരുന്നു. ഇതേത്തുടർന്ന് സർവേ നടപടികളുമായി കേരളം മുന്നോട്ടുപോയെങ്കിലും കർണാടക നിസഹകരണ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഡൽഹിയിൽ നടന്ന വനം–പരിസ്‌ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽകർണാടക നിലപാട് വ്യക്‌തമാക്കിയിട്ടുണ്ടെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.ജെ. ഹോസ്മത്ത് പറഞ്ഞു.