കുവൈറ്റിൽ വീട്ടുജോലിക്കാർക്ക് മിനിമം വേതനം നിശ്ചയിച്ചു
Thursday, July 14, 2016 9:53 PM IST
കുവൈറ്റ്സിറ്റി: കുവൈറ്റിൽ വീട്ടുജോലി ചെയ്യുന്ന വനിതകൾക്കു നൽകേണ്ട കുറഞ്ഞ വേതനം പ്രതിമാസം 60 കുവൈറ്റ് ദിനാറായി(198 ഡോളർ) നിജപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ ഖാലിദ് അൽ സബാഹാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. സേവനം അവസാനിപ്പിക്കുമ്പോൾ ഒരു വർഷം ജോലി ചെയ്തതിന് ഒരു മാസത്തെ ശമ്പളം എന്ന കണക്കിൽ സേവനാനന്തര ആനുകൂല്യം നല്കും. ഹോംഡ്രൈവർമാർ, വീട്ടുജോലിക്കാർ, ബേബി സിറ്റർമാർ, പാചകക്കാർ തുടങ്ങിയവർക്ക് ആനുകൂല്യം ലഭിക്കും.

വീട്ടുജോലി ചെയ്യുന്നവരെല്ലാം തന്നെ വിദേശരാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇവർക്ക് ആഴ്ചയിൽ ഒരുദിവസത്തെ അവധി, ശമ്പളത്തോടുകൂടി പ്രതിവർഷം 30 ദിവസത്തെ അവധി എന്നിവയ്ക്ക് അവകാശമുണ്ടെന്ന് 2015ൽ പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ജോലിസമയം 12 മണിക്കൂറാണ്. അധികസമയം ജോലി ചെയ്താൽ അധിക വേതനം നല്കും. 20 വയസിൽ താഴെയോ 50 വയസിനു മുകളിലോ ഉള്ളവരെ നിയമിക്കരുത്. നിയമപ്രകാരമുള്ള അവകാശങ്ങൾ ഗാർഹിക തൊഴിലാളികൾക്കു ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിൽ വീട്ടുജോലിക്കാരായ വിദേശികൾ ഏറ്റവും കൂടുതൽ ഉള്ള രണ്ടാമത്തെ രാജ്യമാണു കുവൈറ്റ്. ഏതാണ്ട് 660,000 പേർ.