സൈക്കിളെടുക്കാം, നഗരം കാണാം
Friday, July 15, 2016 3:56 AM IST
മൈസൂരു: നഗരത്തിൽ വാടകയ്ക്ക് സൈക്കിൾ നല്കുന്ന സൈക്കിൾ ഷെയറിംഗ് പദ്ധതിക്ക് 24ന് മൈസൂരുവിൽ തുടക്കമാകും. കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ നടപ്പാക്കുന്ന പദ്ധതി മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനദിവസം വൻ സൈക്കിൾ റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ വെബ്സൈറ്റ്, ലോഗോ എന്നിവയുടെ ഉദ്ഘാടനം 16ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ നിർവഹിക്കും. നഗരത്തിൽ പരീക്ഷണാടിസ്‌ഥാനത്തിലാണ് സൈക്കിൾ ഷെയറിംഗ് നടപ്പാക്കുന്നത്.

ഡപ്യൂട്ടി കമ്മീഷണർ സി. ശിഖയാണ് പദ്ധതിയുടെ ചെയർപേഴ്സൺ. ലോകബാങ്കിന്റെയും കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 19 കോടി രൂപയാണ് പദ്ധതി ചെലവ്.

സ്കൂൾ, കോളജ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി നഗരത്തിലെ 52 സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സൈക്കിൾ ഷെയറിംഗ് പദ്ധതി നടപ്പാക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായി 450–ഓളം സൈക്കിളുകൾ ഒരുക്കിയിട്ടുണ്ട്. അംഗത്വ കാർഡുകൾ ഉള്ളവർക്കു മാത്രമേ സൈക്കിളുകൾ ഉപയോഗിക്കാനാകൂ. മാസ, വർഷാടിസ്‌ഥാനത്തിൽ പുതുക്കാവുന്ന തരത്തിലാണ് കാർഡ്. നഗരത്തിലെ ഏതു കേന്ദ്രത്തിൽ നിന്നും സൈക്കിൾ വാടകയ്ക്ക് എടുക്കാം. നഗരാതിർത്തിക്കുള്ളിൽ മാത്രമേ ഈ സൈക്കിൾ ഉപയോഗിക്കാനാകൂ. ഉപയോഗശേഷം ഏതു കേന്ദ്രങ്ങളിലും സൈക്കിൾ തിരികെ വയ്ക്കാനാകും.