‘വിശുദ്ധിയുള്ള നല്ല മനുഷ്യരെയാണു ലോകത്തിനുവേണ്ടത്’
Friday, July 15, 2016 5:03 AM IST
ഡാളസ്: ഡാളസ് സെഹിയോൻ മാർത്തോമ ദേവാലയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന ഇടവക കൺവൻഷനിൽ ലോകപ്രശസ്ത കുടുംബപ്രേഷിതനും വേൾഡ് പീസ് മിഷൻചെയർമാനും പ്രശസ്ത ഫാമിലി കൗൺസിലറും സംഗീതജ്‌ഞനുമായ സണ്ണി സ്റ്റീഫൻ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് വചനസന്ദേശം നൽകി.

ആരവംപോലെ അനുഭവപ്പെടുന്ന അർഥമില്ലാത്ത ശബ്ദങ്ങളെ പ്രാർഥനയായി തെറ്റിദ്ധരിച്ച് ജീവിതത്തിൽ കാതലായ ഒരു മാറ്റവും സംഭവിക്കാത്ത ഭക്‌തരുടെ എണ്ണം പെരുകുന്നു. നല്ല ഭക്‌തർ എന്തുകൊണ്ടാണു നല്ല മനുഷ്യരാകാത്തത്? ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവർ എന്തുകൊണ്ടാണു മനുഷ്യരുടെ ഒപ്പം നടക്കാത്തത്? നമ്മുടെ പൊള്ളയായ ലോകത്തെ പ്രാർഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്മേൽ മറിച്ച് സ്വന്തം ദൗർബല്യത്തെ കണ്ടെത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാൾ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകൾ ഉണ്ടാകണമെന്നു സണ്ണി സ്റ്റീഫൻ പറഞ്ഞു.

മനസിന്റെ വാതിൽപാളിയിൽ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസുകളിൽ ദൈവം വസിക്കുന്നില്ല. വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിർത്തി യേശുവിന്റെ ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ചു, പ്രാർഥനാപൂർവം തുറന്നിടുന്ന മനസുകൾ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാൻ കഴിയുമ്പോഴാണ് ആത്മീയത ഒരാഘോഷമായി മാറുന്നത്.

ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവിൽ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോൾ ജീവിതയാത്രകൾ സ്വർഗീയ തീർഥയാത്രകളാകുന്നു. അങ്ങനെ ഭൂമിയിൽ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം. അത് പങ്കുവയ്ക്കാം സണ്ണി സ്റ്റീഫൻ വചന സന്ദേശത്തിൽ പറഞ്ഞു.

<ആ>റിപ്പോർട്ട്: കെ.ജെ. ജോൺ