അഡ്വ. വർഗീസ് മാമ്മനും ഡോ. റോയി ജോൺ മാത്യുവിനും സ്വീകരണം നൽകി
Friday, July 15, 2016 5:05 AM IST
ഹൂസ്റ്റൺ: അമേരിക്കയിൽ ഹ്രസ്വസന്ദർശനം നടത്തുന്ന അഡ്വ. വർഗീസ് മാമ്മനും എലിക്സിർ കോർപറേറ്റ്സ് ഇന്ത്യാ ലിമിറ്റഡ് ചെയർമാൻ ഡോ. റോയി ജോൺ മാത്യു (മുംബൈ) വിനും ഹൂസ്റ്റൺ മലയാളികൾ സ്വീകരണം നൽകി.

മാർത്തോമ സഭാ മുൻ അത്മായ ട്രസ്റ്റി, കേരള കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറിയേറ്റ് മെംബർ, തിരുവല്ല ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ്, ഫോമ കേരള കൺവൻഷൻ കോഓർഡിനേറ്റർ തുടങ്ങി വ്യത്യസ്ത നിലകളിൽ ശ്രദ്ധയാകർഷിക്കുന്ന വ്യക്‌തിത്വമാണ് അഡ്വ. വർഗീസ് മാമ്മൻ.

മലയാളി അസോസിയേഷന്റെ ആസ്‌ഥാന കേന്ദ്രമായ കേരള ഹൗസിൽ ജൂലൈ 14നു വൈകുന്നേരം നടന്ന സ്വീകരണ ചടങ്ങിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ഏബ്രഹാം ഈപ്പൻ അധ്യക്ഷത വഹിച്ചു.

ഫോമയുടെ സ്‌ഥാപക പ്രസിഡന്റ് ശശിധരൻ നായർ, സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ബേബി മണക്കുന്നേൽ, ജോൺസി വർഗീസ് (ആശാ സെന്റർ), മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ മുൻ പ്രസിഡന്റുമാരായ ജയിംസ് ജോസഫ്, മൈസൂർ തമ്പി, മാധ്യമ പ്രവർത്തകരായ ജീമോൻ റാന്നി, ഈശോ ജേക്കബ്, റിയൽറ്റർ ജോർജ് ഏബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

തുടർന്നു ഹൂസ്റ്റണിലെ സാമൂഹ്യരംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ പ്രത്യേക ബിരുദം നൽകി ആദരിച്ച പൊന്നുപിളള അതിഥികൾക്ക് മൊമന്റോ നൽകി ആദരിച്ചു. അഡ്വ. വർഗീസ് മാമന്റെ പത്നി വൈനി വർഗീസും ഡോ. റോയി ജോൺ മാത്യുവിന്റെ പത്നി ഡാലി ജോണും യോഗത്തിൽ സന്നിഹിതരായിരുന്നു.

ചുരുങ്ങിയ സമയംകൊണ്ട് ഒരു സ്വീകരണ പരിപാടി ഒരുക്കിയ സംഘാടകരെ അനുമോദിച്ചുകൊണ്ട് അഡ്വ. വർഗീസ് മാമ്മനും ഡോ. റോയി ജോണും പ്രസംഗിച്ചു.

ആഴ്ചവട്ടം പത്രാധിപർ ഡോ. ജോർജ് കാക്കനാട് എംസി ആയി പരിപാടികൾ നിയന്ത്രിച്ചു. റെജി വി. കുര്യൻ നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി