ഇന്ത്യൻ പ്രതിനിധികൾക്ക് ഊഷ്മളമായ സ്വീകരണം നൽകി
Friday, July 15, 2016 5:08 AM IST
ഷാർജ: ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പതിനാറാമത് അന്താരാഷ്ട്ര ഇസ്ലാമിക പഠന കോൺഫറൻസിനു ഇന്നു തുടക്കം കുറിക്കും.

ഇസ്ലാമിന്റെ അഭിവാദ്യമായ ‘സലാം പ്രചരിപ്പിക്കുക’ എന്ന ശീർഷകത്തിലാണു സമ്മേളനം. ആഗോളതലത്തിൽ പ്രശസ്തമായ ഇസ്ലാമിക ഗ്രന്ഥങ്ങൾ ഗഹനമായി ചർച്ച ചെയ്യുകയും തനതായ ഇസ്ലാമിക ആശയങ്ങൾ പ്രബോധനം ചെയ്യുന്നതിനുള്ള പദ്ധതികൾക്കുവേണ്ടിയുമാണ് ഇന്ത്യ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളിക്കുന്നത്.

കോഴിക്കോട് കാരന്തൂർ മാർകസുസ്സഖാഫത്തി സുന്നിയ്യയുടെയും മലപ്പുറം മഅദിൻ അക്കാഡമിയുടെയും വിദ്യാർഥികളാണ് ഇന്ത്യയെ പ്രതിനിധികരിച്ചു മർകസ് മുദരിസ് അബ്ദുല്ല സഖാഫി മലയമ്മയുടെ നേതൃത്വത്തിൽ ഇന്നലെ ഷാർജയിൽ എത്തിയത്. 13 ദിവസം നീണ്ടു നിൽക്കുന്ന കോൺഫറൻസിൽ ലോക പ്രശസ്ത പണ്ഡിതരായ മുഹമ്മദ് സുലൈമാൻ നൂർ, സാലിം മഹമൂദ് അബ്ദുൽ ജലീൽ രിളവാൻ, ഹിശാം അബ്ദുൽ അസീസ് അലി, ഇയാദത്തു ബിൻ അയ്യൂബ് അൽ ഖുബൈസി, അയ്മൻ റുഷ്ദി സുവൈദ് എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകും.

ആഗോള തലത്തിൽ തീവ്രവാദവും ഭീകരതയും തഴച്ചു വളരുന്ന ഈ ഘട്ടത്തിൽ യഥാർഥ ഇസ്ലാമിന്റെ തനതായ ആശയങ്ങൾ സമാധാനത്തോടെ ലോക ജനതക്ക് പ്രചരിപ്പിക്കാൻ ഷാർജ ഭരണാധികാരിയുടെ പ്രത്യേക താത്പര്യത്തോടെയാണ് സമ്മേളനം നടത്തുന്നതെന്നു കോഓർഡിനേറ്റർ നാസർ വാണിയമ്പലം പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിൽ 15 പേരും അബ്ദുൽ ഗഫൂർ അൽ അസ്ഹരിയുടെ നേതൃത്വത്തിൽ 20 പേരും കാരന്തൂർ മർകസിൽനിന്നും ഷാർജ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ഇന്ത്യയെ പ്രതിനിധികരിച്ചു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

ഇന്ത്യൻ പ്രതിനിധികൾക്ക് ഷാർജ ഗവൺമെന്റ് പ്രതിനിധികളും മർകസ്, മഅദിൻ, ഐസിഎഫ് ഭാരവാഹികളായ നാസർ വാണിയമ്പലം, അബ്ദുൽ മജീദ് മദനി മേൽമുറി, അബ്ദുൽ കരീം പൂന്താവനം, ഹംസ സഖാഫി സീഫോർത്തു, ജവാത് വാണിയമ്പലം എന്നിവർ ചേർന്നു സ്വീകരണം നൽകി.