ഈദ് വേളയിൽ കാര്യക്ഷമമായി പ്രവർത്തിച്ച് ദുബായ് ആംബുലൻസ് സർവീസുകൾ
Saturday, July 16, 2016 4:11 AM IST
ദുബായ്: ഈദുൽ ഫിത്വർ ആഘോഷവേളയിൽ ദുബായ് കോർപറേഷൻ ഓഫ് ആംബുലൻസ് സർവീസസ് കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നു അധികൃതർ അറിയിച്ചു. ചെറുതും വലുതുമായ 1,597 കേസുകളിലാണ് ആംബുലൻസ് സേവനം ലഭ്യമാക്കിയതെന്നു എക്സിക്യൂട്ടീവ് ഡയറക്ടർ ഖലീഫ ബിൻ ദാരി പറഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ അധികം ഫോൺകോളുകളാണ് ഈ വർഷം ലഭിച്ചത്. ഹൃദ്രോഗം മുതൽ ശ്വാസതടസം വരെ നേരിട്ടവരെ ആശുപത്രികളിലെത്തിച്ചു. ആരും മരണമടഞ്ഞിട്ടില്ല.

95 ആംബുലൻസ് പോയിന്റുകളാണ് പ്രവർത്തിക്കുന്നത്. പെരുന്നാൾ കാലത്തും പല ഷിഫ്റ്റുകളിലായി ജീവനക്കാർ 24 മണിക്കൂറും സേവനസന്നദ്ധരായിരുന്നു. പ്രാർഥനകൾ നടക്കുന്ന മസ്ജിദുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്കു സമീപം സൗകര്യം ലഭ്യമാക്കിയിരുന്നു. തിരക്കേറിയ പ്രദേശങ്ങളിൽ മോട്ടോർ സൈക്കിളിലും സൈക്കിളിലും വരെ രോഗികളെ ആശുപത്രികളിലെത്തിച്ചുവെന്നും ബിൻ ദാരി കൂട്ടിച്ചേർത്തു.