ജൈവ ഇന്ധനത്തിലേക്കു ഗിയർ മാറ്റി കർണാടക ആർടിസി
Saturday, July 16, 2016 4:58 AM IST
ബംഗളൂരു: കർണാടക ആർടിസി ജൈവ ഇന്ധനത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി പൂർണമായും ജൈവ ഇന്ധനത്തിലോടുന്ന ബസ് ചെന്നൈയിലേക്ക് സർവീസ് നടത്തും. സർവീസിന്റെ ഉദ്ഘാടനം ശാന്തിനഗർ കെഎസ്ആർടിസി ടെർമിനലിൽ ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി നിർവഹിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ജൈവ ഇന്ധനത്തിലോടുന്ന ബസ് പരീക്ഷണാടിസ്‌ഥാനത്തിൽ സർവീസ് നടത്തിയിരുന്നു. 20 ശതമാനം ജൈവ ഇന്ധനവും 80 ശതമാനം ഡീസലും ഉപയോഗിക്കുന്ന 10 ബയോഡീസൽ ബസുകളാണ് അന്ന് പുറത്തിറക്കിയത്. ഇത് വിജയമായതോടെയാണ് ദീർഘദൂര സർവീസിനായി പൂർണമായും ജൈവ ഇന്ധനത്തിലോടുന്ന ബസുകൾ ഉപയോഗിക്കാൻ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ്പൂർണമായും ജൈവ ഇന്ധനത്തിലോടുന്ന ബയോബസ് നിരത്തിലിറക്കുന്നത്.

കർണാടക ആർടിസിയുടെ 17 ഡിപ്പോകളിലായി 1,700 ജൈവ ഇന്ധന ബസുകൾ വാങ്ങാനാണ് തീരുമാനം. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. സസ്യ എണ്ണകളിൽനിന്നും കൊഴുപ്പിൽനിന്നും സംസ്കരിച്ചെടുക്കുന്ന ഫാറ്റി ആസിഡ് മീഥൈൽ എസ്റ്ററാണ് ബസുകളിൽ ജൈവ ഇന്ധനമായി ഉപയോഗിക്കുന്നത്.

സംസ്‌ഥാനത്തും സംസ്‌ഥാനന്തര റൂട്ടുകളിലുമായി 8,300 ബസുകളാണ് കർണാടക ആർടിസിക്കുള്ളത്. നഗരത്തിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ജൈവ ഇന്ധനത്തിലേക്കു മാറാൻ കർണാടക ആർടിസി തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കർണാടക ഹൈക്കോടതിയുടെ നിർദേശവും സർക്കാരിനു ലഭിച്ചിരുന്നു. കൂടാതെ ജൈവ ഇന്ധനം ഉപയോഗിക്കുന്നത് കൂടുതൽ ലാഭകരവുമാണ്. ഇതുമൂലം ഡീസൽ ലിറ്ററിന് അഞ്ചു രൂപ വീതം കർണാടക ആർടിസിക്ക് ലാഭിക്കാൻ കഴിയും.