അമേരിക്കൻ മലങ്കര അതിഭദ്രാസന കുടുംബമേളയ്ക്ക് ഒരുക്കമായി
Saturday, July 16, 2016 7:32 AM IST
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസനം മുപ്പതാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് ജൂലൈ 20 മുതൽ 23വരെ മേരിലാന്റ് എമിറ്റ്സ് ബർഗ്, മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്സിറ്റി ഹാളിൽ നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജനറൽ കൺവീനർമാരായ ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി, ടി.വി. ജോൺ എന്നിവർ അറിയിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടേയും മെത്രാപ്പോലീത്താമാരുടേയും മഹനീയ സാന്നിധ്യത്തിലും വൈദികരുടേയും സഭാ കൗൺസിൽ അംഗങ്ങളുടേയും നേതൃത്വത്തിലും നടത്തപ്പെടുന്ന ഈ കുടുംബ സംഗമം അതിഭദ്രാസന ചരിത്രത്തിന്റെ ഏടുകളിൽ അവിസ്മരണീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു മഹാസംഭവമാക്കി മാറ്റുന്നതിനുളള ഒരുക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ശ്രേഷ്ഠ ബാവായുടെ അനുഗ്രഹീത സാന്നിധ്യം കോൺഫറൻസിന്റെ പ്രത്യേകതയാണ്. കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുളള യാമപ്രാർഥനകൾ, ധ്യാനയോഗങ്ങൾ, ചർച്ചാ ക്ലാസുകൾ, സെമിനാറുകൾ, ഗാനശുശ്രൂഷകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങി വിവിധ ഇനങ്ങൾ ഉൾപ്പെടുത്തി യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം ക്രമീകരണങ്ങൾ ഒരുക്കി നടത്തപ്പെടുന്ന കുടുംബ സംഗമത്തിൽ കാനഡയിൽ നിന്നും അമേരിക്കയിലെ വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുമായി നൂറു കണക്കിനു വിശ്വാസികൾ പങ്കെടുക്കും.

‘യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്യുക. സങ്കീർത്തനങ്ങൾ : 37–3’ എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചന്താവിഷയം. പ്രഗൽഭ വാഗ്മിയും വചന പ്രഘോഷകനുമായ മംഗളൂർ ഭദ്രാസനാധിപൻ യാക്കോബ് മോർ അന്തോനിയോസ്, സുപ്രസിദ്ധ ധ്യാനഗുരുവും സുവിശേഷ പ്രാസംഗികനുമായ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ (കപൂച്ചിൻ സഭ), റവ. ജേക്കബ് ചാലിശേരിൽ കോർ എപ്പിസ്കോപ്പാ എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും.

‘ഫിനാൻഷ്യൽ ആൻഡ് റിട്ടയർമെന്റ് പ്ലാനിംഗ്’ എന്ന വിഷയത്തെ ആസ്പദമാക്കി ജോർജ് ജോസഫും ‘വിവാഹ കൂദാശ’ എന്ന വിഷയത്തെ അടിസ്‌ഥാനപ്പെടുത്തി വെരി റവ. ഏബ്രഹാം കടവിൽ കോർ എപ്പിസ്കോപ്പയും ചർച്ചാ ക്ലാസുകൾ നയിക്കും.

പ്രകൃതി മനോഹരവും ശാന്ത സുന്ദരവുമായ പശ്ചാത്തലം, ആരേയും ആകർഷിക്കുന്ന പുരാതനത്വം വിളിച്ചറിയിക്കുന്ന കെട്ടിട സമുച്ചയങ്ങൾ, എല്ലാത്തിലുമുപരി തികഞ്ഞ ആത്മീയ അന്തരീക്ഷം നിറഞ്ഞു നിൽക്കുന്ന വിശാലമായ കോമ്പൗണ്ടും തുടങ്ങി ഒരു കുടുംബ മേളയ്ക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാൽ സമ്പന്നമാണ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്സിറ്റിയെന്നത് ഈ വർഷത്തെ സെമിനാറിന്റെ സവിശേഷതകളിൽ പ്രധാനമാണ്.

കോൺഫറൻസിന്റെ അവസാന ദിനമായ ശനിയാഴ്ച ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിലും മെത്രാപ്പോലീത്താമാരുടേയും വൈദികരുടേയും സഹകാർമികത്വത്തിലും നടത്തപ്പെടുന്ന കുർബാനയിൽ സംബന്ധിക്കുവാൻ തക്ക സൗകര്യപ്രദമായ ദേവാലയവും ഇതിനോടനുബന്ധിച്ചുണ്ട് എന്നുളളതും മറ്റൊരു പ്രത്യേകതയാണ്.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനായി അഹോരാത്രം പരിശ്രമിക്കുന്ന സഭാ കൗൺസിൽ അംഗങ്ങൾ, വൈദികർ മറ്റു പ്രവർത്തകർ തുടങ്ങിയവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കുന്നതായും കോൺഫറൻസിന്റെ വിജയത്തിനായി എല്ലാ സഭാമക്കളുടെയും പ്രാർഥന യൽദൊ മോർ തീത്തോസ് ഓർമിപ്പിച്ചു.

<ആ>റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ