സൂറിച്ചിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് പത്തുലക്ഷം പേർ
Saturday, July 16, 2016 7:34 AM IST
സൂറിച്ച്: പോയവർഷം സൂറിച്ച് ട്രാൻസ്പോർട്ട് കോർപറേഷൻ വാഹനങ്ങളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തവർ പത്തു ലക്ഷം പേർ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും ധാരാളമാണ്.

2015 ൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തവരിൽ വെറും മൂന്നിലൊരാൾ വീതമാണ് പിടിക്കപ്പെട്ടത്. ഇതിൽ 80 ശതമാനം പേരും ശരിയായ ടിക്കറ്റില്ലാതെയോ അല്ലെങ്കിൽ ടിക്കറ്റ് കൂടാതെയോ യാത്ര ചെയ്തവരാണ്. ഇവരിൽ നിന്നും 70 മുതൽ 90 ഫ്രാങ്കുവരെ പിഴ ഈടാക്കി.

ഇവരിൽ ഒരാളെ മൂന്നു മാസത്തിനുള്ളിൽ 17 തവണ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു പിടികൂടിയിട്ടുണ്ട്. ഇയാളിൽ നിന്നും 4300 ഫ്രാങ്കാണ് സൂറിച്ച് ട്രാൻസ്പോർട്ട് കോർപറേഷൻ ഈടാക്കിയത്. 2012 ൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നാലിലൊരാൾ വീതം പിഴയൊടുക്കിയപ്പോൾ 2015 ലാകട്ടെ ഇത് മൂന്നിലൊന്നായി മാറി.

2015 ൽ മാത്രം മൂന്നു ലക്ഷം പേർ നേരിട്ട് പിഴയടച്ചു. ഇതു മാത്രം 20 ലക്ഷം ഫ്രാങ്കോളം വരും. സാധാരണയായി പണം അടയ്ക്കാത്തവർക്ക് മുന്നറിയിപ്പു നോട്ടീസ് നൽകുകയും പണം അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ വിധേയമാക്കുകയുമാണ് പതിവ്. എന്നിട്ടും പണമടയ്ക്കാൻ തയാറല്ലാത്തവരെ ജയിലിലടയ്ക്കും. ഇതു വളരെ കുറവാണ്. ഇതിനുള്ള ചെലവ് ടിക്കറ്റ് വരുമാനത്തിൽ നിന്നുമാണ് കണ്ടെത്തുന്നതെന്നു ട്രാൻസ്പോർട്ട് വക്‌താവ് വെളിപ്പെടുത്തി.

സൂറിച്ച് ട്രാൻസ്പോർട്ട് കോർപറേഷന്റെ വിദേശത്തേയ്ക്കുള്ള എല്ലാ ട്രെയിനുകളിലും വയർലെസ് ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും വക്‌താവ് കൂട്ടിച്ചേർത്തു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ