കനിവ് ആംബുലൻസ് ഉദ്ഘാടനം ചെയ്തു
Saturday, July 16, 2016 7:40 AM IST
കൊച്ചി: നിർധനർക്ക് കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാൻ സഹായിക്കുന്ന കനിവ് ആംബുലൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഒഐസിസി ന്യൂസ് ആണ് എറണാകുളത്തെ സ്റ്റഡി സെന്ററിനു കനിവ് ആംബുലൻസ് കൈമാറിയത്. എറണാകുളം ജില്ലാ പഞ്ചായത്തങ്കണത്തിൽ നടന്ന ചടങ്ങിൽ തൃക്കാക്കര എംഎൽഎ പി.ടി. തോമസ് സ്റ്റഡി സെന്റർ പ്രതിനിധി ടി.പി. മനോജിനു ആംബുലൻസിന്റെ താക്കോൽ കൈമാറി.

പ്രവാസികളുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവർത്തനം മാതൃകയാണെന്നും ഇതു സാധാരണക്കാരന് ഗുണം ചെയ്യുമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. കൂടാതെ ഓസ്ടേലിയയിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിയാൽ അത് സൗജന്യമായി വീട്ടിൽ എത്തിക്കുന്ന സംവിധാനത്തെയും എംഎൽഎ പ്രശംസിച്ചു.

ഒഐസിസി ന്യൂസ് ചീഫ് എഡിറ്റർ ജോസ് എം. ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ ജോൺ നെടിയപാല, ബെന്നി, ഒഐസിസി ദേശീയ നേതാക്കളായ ഹൈനസ് ബിനോയി, ജോജോ തൃശൂർ, ഒഐസിസി ന്യൂസ് മാർക്കറ്റിംഗ് മാനേജർ ബിനോയി പോൾ, ഒഐസിസി അയർലൻഡ് പ്രസിസഡന്റ് ലിങ്ക്വിൻസ്റ്റാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജോമി തോമസ്, രാജേഷ് ബാബു, സൈജന്റ്, എൻജിഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിൻസന്റ് കാച്ചാപ്പളളി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.