ചെന്നൈ പുനർനിർമാണ പദ്ധതിക്ക് കെഎച്ച്എൻഎയുടെ സഹായഹസ്തം
Saturday, July 16, 2016 8:11 AM IST
ഷിക്കാഗോ: പ്രകൃതിദുരന്തത്തിന്റെ ആഘാതത്തിൽ ചെന്നൈ നഗരത്തിൽ സമ്പൂർണമായി നശിച്ച പാർപ്പിടങ്ങളുടേയും സ്കൂളുകളുടേയും തെരുവുകളുടേയും പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കെഎച്ച്എൻഎ സമാഹരിച്ച സഹായധനം പ്രസിഡന്റ് സുരേന്ദ്രൻ നായർ, സേവാ ഇന്റർനാഷണൽ മിഷിഗൺ പ്രതിനിധി വെങ്കിടേശിനു കൈമാറി.

അമേരിക്കയിലും ഇന്ത്യയിലുമായി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്ന കെഎച്ച്എൻഎയുടെ മിഷിഗൺ ശാഖ ഡിട്രോയിറ്റിൽ സംഘടിപ്പിച്ച ചടങ്ങിലാണ് സഹായധനം കൈമാറിയത്. ഹെയ്തിയിലേയും നേപ്പാളിലേയും ചെന്നൈയിലേയും കേരളത്തിലേയും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജാതിമത ഭേദമെന്യേ മലയാളി സമൂഹം നൽകിവരുന്ന സഹകരണം മാതൃകാപരമാണെന്നു സുരേന്ദ്രൻ നായർ തന്റെ ആമുഖ പ്രസംഗത്തിൽ വ്യക്‌തമാക്കി. ചെന്നൈ നഗരിയുടെ അതിവേഗ പുനർനിർമാണങ്ങളിൽ കേന്ദ്ര–സംസ്‌ഥാന സർക്കാരുകളോടൊപ്പം പങ്കുചേർന്ന ഒട്ടനവധി പ്രവാസി കൂട്ടായ്മകളെ വെങ്കിടേശ് പ്രത്യേകം അഭിനന്ദിച്ചു.

രണ്ടു ഘട്ടങ്ങളിലായി പുനർനിർമാണ പദ്ധതികൾക്കുവേണ്ടി ധനസമാഹരണം നടത്തിയത് ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് മോഹനായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.

ജനറൽ സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറർ സുദർശനകുറുപ്പ്, യൂത്ത് ചെയർ ശബരി സുരേന്ദ്രൻ, രാജേഷ് നായർ, സുനിൽ പൈങ്കോൾ, ശ്രീകുമാർ കമ്പത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മിഷിഗൺ ശാഖാ സെക്രട്ടറി പ്രസന്ന മോഹൻ, വൈസ് പ്രസിഡന്റ് മനോജ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം