മലങ്കര ടിവിയുടെ റിക്കാർഡിംഗ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു
Monday, July 18, 2016 5:14 AM IST
ന്യുജഴ്സി: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക മീഡിയ ‘മലങ്കര ടിവി’യുടെ റിക്കാർഡിംഗ് സ്റ്റുഡിയോ ന്യുജഴ്സിയിലെ അതിഭദ്രാസന ആസ്‌ഥാനത്ത് ഭദ്രാസന മെത്രാപ്പോലീത്തയും മലങ്കര ടിവി ചെയർമാനുമായ യൽദൊ മോർ തീത്തോസ് ഉദ്ഘാടനം ചെയ്തു.

വാർത്താവിനിമയ രംഗത്ത് ഒരു നൂതന കാൽവയ്പ് എന്ന നിലയിൽ തുടക്കം കുറിച്ച മലങ്കര ടിവി അതിന്റെ വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി നാലു വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. സഭാ വിശ്വാസികളുടെയും ടിവി പ്രേക്ഷകരുടേയും പ്രവർത്തകരുടെയും ചിരകാല സ്വപ്ന സാക്ഷാത്കാരമാണ് സ്വന്തമായി തുടക്കം കുറിക്കുന്ന ഈ വീഡിയോ റിക്കാർഡിംഗ് സ്റ്റുഡിയോയെന്നും, ഈ വിജയത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഏവരെയും പ്രത്യേകം അനുമോദിക്കുന്നുവെന്നും യൽദൊ മോർ തീത്തോസ് മെത്രാപ്പോലീത്ത പറഞ്ഞു.

നിരവധി പുതിയ പരിപാടികളുമായി മലങ്കര ടിവി പ്രേക്ഷകരിലേക്ക് എത്തുകയാണ്. നാളിതുവരെ ജനങ്ങൾ നൽകിയ അംഗീകാരത്തിനും പ്രോത്സാഹനത്തിനും നന്ദിയുണ്ടെന്നും തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുകയാണെന്നും മലങ്കര ടിവി ഡയറക്ടറന്മാരായ സുനിൽ മഞ്ഞിനിക്കര, ഏലിയാസ് വർക്കി എന്നിവർ അറിയിച്ചു. സൺഡേ സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കും വനിതകൾക്കും മുതിർന്നവർക്കുമായി നിരവധി പുതിയ പ്രോഗ്രാമുകൾ അണിയറയിൽ തയാറായി കൊണ്ടിരിക്കുകയാണ്.

ഭദ്രാസന സെക്രട്ടറിയും മലങ്കര ടിവി വൈസ് ചെയർമാനുമായ റവ. ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി, ഡയറക്ടർമാരായ സുനിൽ മഞ്ഞിനിക്കര, ഏലിയാസ് വർക്കി , ബാബു തുമ്പയിൽ, സാജു മാരോത്ത്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. ഫാ. വർഗീസ് പോൾ, ഷെവ. ഏബ്രഹാം മാത്യു, ഫാമിലി കോൺഫറൻസ് 2016 കൺവീനർ ടി. വി. ജോൺ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഈ വർഷത്തെ കുടുംബമേളയോടനുബന്ധിച്ചുളള മുഴുവൻ പരിപാടികളും സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായി ഡയറക്ടർമാർ അറിയിച്ചു. ജൂലൈ ഇരുപത്തി രണ്ടിന് നടക്കുന്ന പൊതുസമ്മേളനവും സമാപന ദിനമായ ശനിയാഴ്ച രാവിലെ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുളള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ