സൗദിയിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്കെതിരേ നിയമം ശക്‌തമാക്കുന്നു
Monday, July 18, 2016 6:13 AM IST
ദമാം: ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികളെ, ഗുരുതരമായ നിയമ ലംഘകരായി കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുന്നു.

ഏതെങ്കിലും വിദ്യാർഥി സൈബർ കുറ്റകൃത്യങ്ങൾ നടത്തിയതായി വ്യക്‌തമായാൽ ആ വിദ്യാർഥിയെ വിദ്യാഭ്യാസ സ്‌ഥാപനത്തിലേക്കു വിളിച്ചു വരുത്തി സുരക്ഷാ ഉദ്യോഗസ്‌ഥർക്കു നേരിട്ടു കൈമാറാവുന്ന തരത്തിലാണ് പുതിയ നിയമം വരുന്നത്. വിദ്യാർഥികളെ പോലീസിനു നേരിട്ടു ഏൽപ്പിക്കണമെങ്കിൽ വിദ്യാർഥി കുറ്റകൃത്യം ചെയ്തതായുള്ള കൃത്യമായ വിരവും തെളിവും ഉണ്ടായിരിക്കണം.

വിദ്യാർഥി ചെയ്ത കുറ്റ കൃത്യം വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രത്യേക മാർഗ നിർദേശക സമിതി പരിശോധിച്ചു വേണം വിദ്യാർഥിക്കെതിരേ നടപടി സ്വീകരിക്കേണ്ടതെന്നു ഇതു സംബന്ധിച്ചുള്ള കരട് നിയമത്തിൽ പറയുന്നു.

നിയമ ലംഘനം നടത്തുന്ന വിദ്യാർഥിയെ ശിക്ഷാ നടപടിയെന്നോണം രണ്ടു വർഷത്തേക്ക് സ്‌ഥാപനത്തിൽ നിന്നും പുറത്താക്കും. ശിക്ഷാ നടപടിക്കുശേഷം തിരിച്ചു വരുന്ന വിദ്യാർഥിയിൽ നിന്നും ഭാവിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലന്നുള്ള രേഖാമുലമുള്ള ഉറപ്പു വാങ്ങണം.

ഭീകര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നെറ്റ്വർക്ക് ശൃംഖല നിർമിക്കൽ, അവ കംപ്യൂട്ടറുകളിലും മറ്റു സൂക്ഷിക്കൽ, ഭീകരവാദികളുടെ ആശയം പ്രചരിപ്പിക്കൽ, രാജ്യത്തിന്റ സുരക്ഷയ്ക്കോ, സാമ്പത്തിക ഭദ്രതയ്ക്കോ ഭീഷണിയാകുന്ന വെബ് സൈറ്റ് സന്ദർശിക്കൽ, രാജ്യത്തെ പൊതു സമൂഹം ഇഷ്‌ടപ്പെടാത്ത വിവരങ്ങളോ ചിത്രങ്ങളോ കംപ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും സൂക്ഷിക്കൽ, മറ്റുള്ളവരുടെ രഹസ്യങ്ങൾ ചോർത്തൽ, അപകീർത്തിപെടുത്തൽ തുടങ്ങിയവയെല്ലാം സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടും.

അടുത്ത വർഷം മുതൽ നിയമം പ്രാബല്യത്തിൽ വരുത്താനാണു വിദ്യഭ്യാസ മന്ത്രാലയം തയാറെടുക്കുന്നത്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം