സൗദിയിൽ പാസ്പോർട്ടുകൾ തൊഴിലുടമകൾ സൂക്ഷിക്കുന്നതു നിയമവിരുദ്ധം: തൊഴിൽ മന്ത്രാലയം
Monday, July 18, 2016 6:13 AM IST
ദമാം: തൊഴിലാളികളുടെ പാസ്പോർട്ടുകൾ അവരുടെ സമ്മതമില്ലാതെ തൊഴിലുടമകൾ സൂക്ഷിക്കുന്നതു നിയമവിരുദ്ധമാണെന്നു തൊഴിൽ മന്ത്രാലയ വക്‌താവ് ഖാലിദ് അബാഖൈൽ വ്യക്‌തമാക്കി. തൊഴിലുടമക്കു പാസ്പോർട്ട് കൈവശം വയ്ക്കണമെങ്കിൽ അറബിയിലും തൊഴിലാളിയുടെ ഭാഷയിലുമുള്ള തൊഴിലാളിയുടെ ഒപ്പോടു കൂടിയ സമ്മതപത്രം ആവശ്യമാണെന്നു തൊഴിൽ നിയമത്തിൽ പറയുന്നു.

തൊഴിലാളിയുടെ പാസ്പോർട്ട് സൂക്ഷിക്കുന്ന തൊഴിലുടമകൾ തൊഴിലാളിയുമായി ഉണ്ടാക്കിയ സമ്മതപത്രം രേഖയായി സൂക്ഷിക്കണമെന്നു മന്ത്രാലയ വക്‌താവ് പറഞ്ഞു. അല്ലാത്ത പക്ഷം നിയമലംഘനം നടത്തിയതിനു രണ്ടായിരം റിയാൽ തൊഴിലുടമയുടെ മേൽ പിഴ ചുമത്തും.

നിയമ ലംഘനം ശ്രദ്ധയിൽപ്പെടുന്നവർ 19911 എന്ന നമ്പറിൽ അറിയിക്കണമെന്നും ഖാലിദ് അബാഖൈൽ ആവശ്യപ്പെട്ടു.

തൊഴിലാളിയുടേയും തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തെ തൊഴിൽ വിപണി നിയമപരമാക്കുകയും അതുവഴി രാജ്യത്തിന്റ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനുള്ള ശ്രമങ്ങളാണ് മന്ത്രാലയം ഇതുവഴി ലക്ഷ്യമിടുന്നതെന്നു ഖാലിദ് അബാഖൈൽ പറഞ്ഞു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം