‘സ്വപ്നം പോലെ ഒരു വിപ്ലവരാവ്’
Monday, July 18, 2016 6:15 AM IST
എല്ലാം ഒരു സ്വപ്നം പോലെ ഒരു രാത്രികൊണ്ട് അവസാനിച്ചെങ്കിലും ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് കഴിഞ്ഞ ദിവസം തുർക്കിയിൽ നടന്ന പട്ടാള അട്ടിമറി ശ്രമങ്ങളെത്തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങൾക്കു ദൃക്സാക്ഷികളായ ഞങ്ങൾക്കുണ്ടായത്.

സൗദി അറേബ്യയിലെ പ്രമുഖ ട്രാവൽ കമ്പനിയായ ഐടിഎൽ വേൾഡ് ഈദിൽ ഫിത്വർ അവധിസമയത്ത് സംഘടിപ്പിച്ച വിനോദയാത്രയിലെ അംഗങ്ങൾ തുർക്കിയിലെ ഇസ്താംബൂൾ അത്താതുർക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി അല്പസമയത്തിനകമാണ് എയർപോർട്ടും പ്രമുഖ സർക്കാർ സ്‌ഥാപനങ്ങളും പിടിച്ചെടുത്തുകൊണ്ട് വിമത സൈനികരുടെ നേതൃത്വത്തിൽ തുർക്കിയിൽ പട്ടാള അട്ടിമറിശ്രമം നടന്നത്.

വിമാനത്താവളത്തിൽനിന്നു നഗരമധ്യത്തിലെ ഹോട്ടലിലെത്തി സംഘാഗംങ്ങൾ വിവിധ ഗ്രൂപ്പുകളായി നഗരം കാണാനിറങ്ങി അല്പം കഴിഞ്ഞാണു തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂൾ സൈനികരുടെ പിടിയിലമരുന്നത്. റോഡുകളെല്ലാം സൈനികരുടെ നിയന്ത്രണത്തിലമരാൻ അധികം സമയമെടുത്തില്ല. യന്ത്രത്തോക്കുകളുമായി റോഡുകളിലിറങ്ങിയ പട്ടാളം സാധാരണക്കാരോട് ഉടനെ വീടുകളിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടു. ഇസ്താംബൂളിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഞൊടിയിടയിൽ പട്ടാളം കീഴ്പ്പെടുത്തിയിരുന്നു. എന്താണു സംഭവിക്കുന്നതെന്നു മനസിലാക്കാൻ ഞങ്ങൾക്ക് ആദ്യമൊന്നും സാധിച്ചില്ല. ഹോട്ടലിനു സമീപത്തുള്ള ഗ്രാൻഡ് ബസാറിൽ ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയ ഞങ്ങൾ ആധുനിക ഇസ്താംബൂളിന്റെ അടയാളങ്ങളിലൊന്നായ തക്സീം സ്ക്വയറിലേക്ക് പോകാനിരിക്കവേ ആണ് സംഘാംഗമായ ഫിലിപ്പീനോ ഓടിവരുന്നത് കണ്ടത്. ആരും പുറത്തിറങ്ങരുതെന്നും പട്ടാളം നഗരം പിടിച്ചെടുത്തെന്നും അവനാണ് ആദ്യം അറിയിച്ചത്. തുർക്കി റിപ്പബ്ലിക് ആയതിന്റെ സ്മാരകം കൂടിയായ തക്സിം ചത്വരത്തിനടുത്താണ് ഇസ്താംബൂളിലെ ഏറ്റവും വലിയ മാർക്കറ്റ്. അങ്ങോട്ടു പോകുന്ന വഴിയിൽ പട്ടാളം തോക്കു ചൂണ്ടിയാണത്രേ അവനെ മടക്കി അയച്ചത്.

ബോസ്ഫറസ് പാലത്തിലേക്ക് പോയ മറ്റൊരു ഗ്രൂപ്പിൽനിന്ന്, പട്ടാളവും പോലീസും തമ്മിൽ കലാപം നടക്കുന്നതായും ആരും പുറത്തിറങ്ങരുതെന്നും അറിയിച്ചുകൊണ്ട് വാട്സ് ആപ്പ് സന്ദേശവും ഉടനെ വന്നു. ഇസ്താംബൂൾ നഗരത്തിലെ ഏഷ്യൻ കരയെയും യൂറോപ്യൻ കരയെയും വേർതിരിക്കുന്ന മനോഹരമായ രണ്ട് പാലങ്ങളിലൊന്നാണ് ബോസ്ഫറസ് തൂക്കു പാലം. ബോസ്ഫറസ് ഉൾക്കടലിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന് ഒന്നര കിലോമീറ്റർ നീളവും 34 മീറ്ററോളം വീതിയുമുണ്ട്. ഇരു പാലങ്ങൾക്കുമിടയിൽ വൈകുന്നേരങ്ങളിൽ നടക്കുന്ന ക്രൂയിസ് ബോട്ട് യാത്ര ഇസ്താംബൂളിലെ മനോഹരമായ വിനോദയാത്രാനുഭവമാണ്. ബോസ്ഫറസ് പാലത്തിലൂടെയാണ് ഏഷ്യൻ കരയിലും യൂറോപ്യൻ കരയിലും താമസിക്കുന്നവർ പരസ്പരം ബന്ധപ്പെടുന്നത്. അത്താതുർക്ക് എയർപോർട്ടിനും തക്സിം ചത്വരത്തിനും പുറമെ സൈന്യം നിലയുറപ്പിച്ച തന്ത്രപ്രധാനമായ ഒരു കേന്ദ്രമായിരുന്നു ബോസ്ഫറസ് പാലം.

സൈന്യം പോലീസുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റുമുട്ടുന്നതായ സന്ദേശങ്ങളും വെടിയൊച്ചകളും പട്ടാള വാഹനങ്ങളുടെ തെരുവിലെ സാന്നിധ്യവും ജനങ്ങളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കടകളെല്ലാം നേരത്തെ തന്നെ അടച്ചു. തുറന്ന കടകളിൽ അവശ്യസാധനങ്ങൾക്ക് പതിൻമടങ്ങ് വിലയുമായി. എടിഎം മെഷിനുകളിൽ പണം പിൻവലിക്കാനുള്ള ജനങ്ങളുടെ നീണ്ടനിര. എന്താണു സംഭവിക്കുന്നതെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ ഹോട്ടൽ ലോബിയിൽ നിരവധി കുടുംബങ്ങളടങ്ങുന്ന ഞങ്ങളുടെ വിനോദയാത്രാ സംഘം ഭയചകിതരായി നിലയുറപ്പിച്ചു. ടെലിവിഷനിലൂടേയും സോഷ്യൽ മീഡിയകളിലൂടെയും വിവരമറിഞ്ഞ ബന്ധക്കളും സുഹൃത്തുക്കളും ഞങ്ങളുടെ അവസ്‌ഥ അറിയാൻ ബന്ധപ്പെട്ടു കൊണ്ടിരുന്നു. എയർപോർട്ട് അടച്ചതായും വിമാനങ്ങൾ റദ്ദു ചെയ്തതായും അറിഞ്ഞതോടെ പലരും തളർന്നു പോയി. പുറത്തുപോയ വിവിധ സംഘങ്ങൾ നാലും അഞ്ചും മണിക്കൂർ കാറിലും നടന്നുമാണ് ഹോട്ടലിൽ തിരിച്ചെത്തിയത്. പട്ടാള അട്ടിമറികളുടെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ കേട്ടറിവു മാത്രമുള്ള ഞങ്ങളെ സംബന്ധിച്ചിടത്തോളം വിനോദയാത്രയിലെ എല്ലാ സന്തോഷങ്ങളും അതോടെ അസ്തമിച്ചിരുന്നു.

സൗദി, പാക്കിസ്‌ഥാൻ, ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയ വിവിധ രാജ്യക്കാരായ 21 പേരാണ് റിയാദിൽനിന്ന് ഐടിഎൽ വേൾഡിന്റെ വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്. അതിൽത്തന്നെ പത്തിലേറെ പേർ മലയാളികളായിരുന്നു. പ്രമുഖ പ്രവാസി ബിസിനസുകാരായ അറ്റ്ലസ് മൊയ്തു, ശ്രീധരൻ കൂൾടെക്, ഷാജി കുന്നിക്കോട് തുടങ്ങിയവരും ഐടിഎൽ വേൾഡ് മാനേജർ മുഹമ്മദ് ഷാഫിയും കുടുംബവും ഗ്രൂപ്പിൽ ഉണ്ടായിരുന്നു. ഔദ്യോഗിക ആവശ്യാർഥം ചെക് റിപ്പബ്ലിക്കിലായിരുന്ന ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് വിവരങ്ങളറിയാൻ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നത് ഏറെ ആശ്വാസമായി. സൗദിയുടേയും ഇന്ത്യയുടേയും തുർക്കി നയതന്ത്രകാര്യാലയങ്ങളിൽ അദ്ദേഹം ബന്ധപ്പെട്ട് ഞങ്ങളുടെ വിവരങ്ങൾ അദ്ദേഹം കൈമാറിയിരുന്നു.

ശനിയാഴ്ച പുലർച്ചയോടെയാണ് ശുഭവാർത്തകൾ ടെലിവിഷനിലൂടെ വരാൻ തുടങ്ങിയത്. ഇസ്താംബൂൾ എയർപോർട്ടിൽ മടങ്ങിയെത്തിയ പ്രസിഡന്റ് എർദോഗാൻ ആവശ്യപ്പെട്ടതു പ്രകാരം ജനങ്ങൾ ഒന്നടങ്കം തങ്ങളുടെ രാജ്യത്തെ രക്ഷിക്കാൻ തെരുവിലിറങ്ങുകയായിരുന്നു. വിമത സൈനികരുടെ ആയുധങ്ങളുടെ മുൻപിലേക്കു വെറുംകൈയോടെ ഇരച്ചു കയറിയ ജനശക്തിക്കു മുൻപിൽ അവർക്കു കീഴടങ്ങേണ്ടി വന്നു. വിമാനത്താവളത്തിലും തക്സിം സ്ക്വയറിലും ബോസ്ഫറസ് പാലത്തിലും ജനങ്ങൾ പട്ടാളക്കാരെ കൈകാര്യം ചെയ്തു. വാർത്തകൾ ടെലിവിഷൻ ചാനലുകളിലൂടെ പുറത്തു വന്നതോടെ പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുന്നതായി ബോധ്യപ്പെട്ടു. കാര്യങ്ങൾ ഉടനെ പൂർവസ്‌ഥിതിയിലാകുമെന്നു സ്‌ഥിരീകരണമായതോടെയാണ് തിരിച്ചു പോരാൻ സാധിക്കുമെന്ന തോന്നലുണ്ടായത്. ശനിയാഴ്ച ഉച്ചയോടെതന്നെ ഇസ്താംബൂൾ പഴയ ഊർജവും ഉണർവും വീണ്ടെടുക്കുന്ന കാഴ്ചയാണു ഞങ്ങൾക്കു കാണാൻ സാധിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് വിനോദയാത്രാക്കപ്പലിൽ ഒന്നിൽ യാത്ര ചെയ്യാൻ ലഭിച്ച സൗഭാഗ്യത്തിന്റെ ഭാഗമായാണു തുർക്കിയുടെ വിവിധ തുറമുഖ പട്ടണങ്ങളും സന്ദർശിക്കാൻ അവസരം ലഭിച്ചത്. ഒരു കാലത്ത് യൂറോപ്പിലെ രോഗിയായി അറിയപ്പെടുകയും പിന്നീട് സാമ്പത്തികമായി വൻകുതിച്ചു ചാട്ടം നടത്തുകയും ചെയ്ത ലോകരാജ്യങ്ങളെ അദ്ഭുതപ്പെടുത്തിയ തുർക്കിയിലെ ഏറ്റവും വലിയ പട്ടണമായ ഇസ്താംബൂളിൽ അവസാനിക്കേണ്ടിയിരുന്ന കപ്പൽ യാത്ര കഴിഞ്ഞ ജൂൺ 28നു ഇസ്താംബൂൾ അത്താതുർക്ക് വിമാനത്താവളത്തിലുണ്ടായ ചാവേർ ബോംബാക്രമണത്തെത്തുടർന്നു തുർക്കിയിലെ മറ്റൊരു തുറമുഖ നഗരമായ കുസാദസിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു.
<ശാഴ െൃര=/ിൃശ/2016ഷൗഹ്യ18േൗൃസ്യ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഗ്രീസിന്റെ തലസ്‌ഥാനമായ ഏഥൻസിൽനിന്നു പുറപ്പെട്ട റോയൽ കരീബിയൻ കമ്പനിയുടെ ഉടമസ്‌ഥതയിലുള്ള സെലബ്രിറ്റി എക്വിനോക്സ് എന്ന ആഡംബര കപ്പൽ തുർക്കിയിലെ കുസാദസി വരെ വന്നു തിരിച്ച് ആഥൻസിലേക്ക് മടങ്ങിയെങ്കിലും ഞങ്ങൾ 21 പേരടങ്ങുന്ന റിയാദ് ടീം കുസാദസിയിൽ നിന്നും കരമാർഗം ഇസ്മീറിലേക്ക് അവിടെ ഒരു ദിവസം തങ്ങിയശേഷം വിമാനമാർഗം ഇസ്താംബൂളിലേക്കും വരികയായിരുന്നു. ചരിത്രമുറങ്ങിക്കിടക്കുന്ന ഏഷ്യൻ അറബ് യൂറോപ്യൻ സംസ്കാരങ്ങളുടെ സംഗമഭൂമിയായ ഇസ്താംബൂൾ എന്ന അദ്ഭുത നഗരം അനുഭവിച്ചറിയാനുള്ള യാത്രയിലാണ് പട്ടാള അട്ടിമറിയെന്ന ദുരന്തം ഊർജസ്വലരായ തുർക്കി ജനതയോടൊപ്പം ഞങ്ങളേയും ആശങ്കയിലാഴ്ത്തിയത്.

പട്ടിണയും രോഗാതുരവുമായ അവസ്‌ഥയിൽനിന്ന് ഒരു രാജ്യത്തെ നിശ്ചയദാർഢ്യത്തിെൻറ തേരിലേറ്റി കൈപിടിച്ചുയർത്തി ലോകത്തെ ഏറ്റവും കൂടുതൽ വികസനമുള്ള 15 രാജ്യങ്ങളിലൊന്നാക്കി മാറ്റിയ പ്രസിഡന്റ് എർദോഗാന് ജനങ്ങൾ നൽകിയ പിന്തുണ അനുഭവിച്ചറിയാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടായി.

ഞായറാഴ്ച രാത്രി ഹോട്ടലിൽനിന്നു അത്താ തുർക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഞങ്ങളും ജനങ്ങളുടെ സന്തോഷാതിരേകത്തിനു സാക്ഷികളായി. വീടു പൂട്ടി തങ്ങളുടെ നായകന് അഭിവാദ്യം നേരാൻ തെരുവിലിറങ്ങിയതു ലക്ഷങ്ങളാണ്. ആബാലവൃദ്ധം ജനങ്ങൾ അക്ഷരാർത്ഥത്തിൽ ഇസ്താംബൂൾ നഗരത്തെ കോരിത്തരിപ്പിച്ചു. തലസ്‌ഥാന നഗരമായ അങ്കാറയിലും തുർക്കിയുടെ വിവിധ പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തങ്ങളുടെ ജീവരക്തം കൊണ്ടു തുന്നിയ നക്ഷത്രവും ചന്ദ്രക്കലയും പതിച്ച ചെങ്കൊടിയുമായി ജനങ്ങൾ തെരുവുകളെ പുളകിതമാക്കി. പോലീസ് കേന്ദ്രകാര്യാലയവും വിമാനത്താവളങ്ങളും മറ്റു സർക്കാർ ഓഫീസുകൾക്കു മുൻപിലും ജനങ്ങൾ അഭിവാദ്യമർപ്പിക്കാൻ ഒത്തുകൂടി. ഈ ഒരാവേശം ഇനിയുമൊരു രാജ്യത്തെ കുട്ടിച്ചോറാക്കാൻ സ്‌ഥാപിത താത്പര്യക്കാർക്ക് അവസരം നൽകില്ലെന്ന ദൃഢപ്രതിജ്‌ഞയായിരുന്നു.

<ആ>റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ