ഫേസ്ബുക്ക് ഓഫ്ലൈൻ വീഡിയോ പരീക്ഷണം ഇന്ത്യയിൽ
Monday, July 18, 2016 6:22 AM IST
ഫ്രാങ്ക്ഫർട്ട്: ഇന്റർനെറ്റ് ഇല്ലാതെ വീഡിയോ കാണാനുള്ള സൗകര്യം ഒരുക്കുന്ന ഓഫ് ലൈൻ വീഡിയോയുമായി ഫെയ്സ്ബുക്ക് രംഗത്തു വരുന്നു. പരീക്ഷണാടിസ്‌ഥാനത്തിൽ ഇന്ത്യയിലെ തെരഞ്ഞെടുത്ത സ്‌ഥലങ്ങളിൽ ജൂലൈ 20 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.

നെറ്റ് ലോകത്ത് സജീവമായവരുടെ സംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യയിൽ പലസ്‌ഥലങ്ങളിലും വേഗതയില്ലാത്ത ഇന്റർനെറ്റ് എന്ന വസ്തുത കണക്കിലെടുത്താണ് ഫേസ്ബുക്ക് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

യുട്യൂബിൽ ഓഫ് ലൈൻ വീഡിയോ സംവിധാനം ഏർപ്പെടുത്തിയപ്പോഴും പരീക്ഷണാടിസ്‌ഥാനത്തിൽ ആദ്യം നടപ്പിലാക്കിയത് ഇന്ത്യയിലായിരുന്നു. വൈഫൈ കണക്ടിവിറ്റിയോ നെറ്റ് വേഗതയോ ഉള്ള സമയത്ത് വീഡിയോകൾ ഡൗൺലോഡ് ചെയ്ത് പിന്നീട് സൗകര്യപ്രകാരം കാണാൻ അവസരമൊരുക്കുന്നതാണ് ഓഫ് ലൈൻ വീഡിയോ സംവിധാനം. ഫ്രീ ബേസിക്സ് സംവിധാനവും ഫേസ്ബുക്ക് ആദ്യമായി പരീക്ഷിച്ചത് ഇന്ത്യയിലായിരുന്നു. ട്രായ് നിരോധനം ഏർപ്പെടുത്തിയതോടെയാണ് ഇതിൽ നിന്നും പിൻമാറാൻ ഫേസ്ബുക്ക് നിർബന്ധിതരായത്. 142 മില്യൺ ഉപയോക്‌താക്കളുമായി അമേരിക്ക കഴിഞ്ഞാൽ ഫേസ്ബുക്കിന് ഏറ്റവും സ്വീകാര്യതയുള്ള രാജ്യമാണ് ഇന്ത്യ.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ