ജർമൻ മലയാളിയുടെ സിനിമ ‘സ്വയം’ ഉടനെ പുറത്തിറങ്ങും
Monday, July 18, 2016 8:23 AM IST
ബെർലിൻ: ഇന്തോ–ജർമൻ സംയുക്‌ത സംരംഭമായ ‘സ്വയം’ എന്ന മലയാള ചലച്ചിത്രം ഉടൻ വെള്ളിത്തിരയിലെത്തും. ഓട്ടിസം, ഫുട്ബോൾ, ആയുർവേദം എന്നിവ പ്രമേയമാക്കി എക്സ്പീരിയൻ ആൻഡ് ഗ്രീൻ ഹാവൻ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജർമൻ മലയാളിയും ജർമനിയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന വിനോദ് ബാലകൃഷ്ണയാണ്.

ഓട്ടിസം ബാധിതനായ പത്തുവയസുകാരൻ മെറോണിന്റെയും അവന്റെ അമ്മ ആഗ്നസിന്റെയും കഥയാണു സ്വയം എന്ന ചിത്രത്തിലൂടെ വിരിയുന്നത്.

‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ രണ്ടായിരത്തിൽ കേരള സംസ്‌ഥാന അവാർഡും ദേശീയ അവാർഡും ഇന്ദിരാ ഗാന്ധി ബെസ്റ്റ് ഫസ്റ്റ് ഫിലിം ഡയറക്ടർ അവാർഡും 2011 ലെ ബെസ്റ്റ് നറേറ്റീവ് ഫീച്ചർ ഫിലിം അവാർഡും (ജനീവ) കരസ്‌ഥമാക്കിയിട്ടുള്ള ആർ. ശരത് ആണു ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സംഭാഷണം സജി പാഴൂർ, കാമറ സജൻ കളത്തിൽ എന്നിവരാണു കൈകാര്യം ചെയ്തിരിക്കുന്നത്.

മധു, ലക്ഷ്മിപ്രിയ മേനോൻ, വിച്ചു, നന്ദു, കെ.പി. ബേബി, അഷ്റഫ് പേഴുംമൂട്, മുൻഷി ബൈജു, ചന്ദ്രമോഹൻ, ആനി, മീനാക്ഷി, ജർമൻ ഫുട്ബോൾ താരമായിരുന്ന റോബർട്ടോ പിന്റോ എന്നിവർക്കൊപ്പം നിർമാതാവ് വിനോദിന്റെയും സ്മിതയുടെയും മക്കളായ വിച്ചു, നന്ദു എന്നിവർ ബാലതാരങ്ങളായും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന്റെ നിർമാണത്തിനു ജർമനിയിലെ വാൾഡ്രോഫ് എഫ് സി അസ്റ്റോറിയുടെയും സഹകരണം ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കുറെ ഭാഗങ്ങൾ ജർമനിയിലാണു ചിത്രീകരിച്ചിരിക്കുന്നത്. ‘സ്വയം’ ചിത്രം ഉടൻതന്നെ കേരളത്തിലുടനീളം റിലീസ് ചെയ്യുമെന്നു നിർമാതാവ് വിനോദ് ലേഖകനോടു പറഞ്ഞു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ