ജർമനിയിൽ അഭയാർഥി യുവാവ് ട്രെയിൻ യാത്രക്കാരെ ആക്രമിച്ചു
Tuesday, July 19, 2016 1:36 AM IST
ആഗ്സ്ബൂർഗ് (ജർമനി): ജർമൻ സംസ്‌ഥാനമായ ബവേറിയായിലെ ആഗ്സ്ബൂർഗിനടുത്ത് ഒരു അഭയാർഥി യുവാവ് ട്രെയിൻ യാത്രക്കാരെ ആക്രമിച്ചു. ട്രോയിറ്റ്ലിഹനിൽ നിന്നും ആഗ്സ്ബൂർഗിലേക്ക് പോയ റീജണൽ ട്രെയിൻ ആർബി 58130 –ൽ കഴിഞ്ഞ രാത്രി 9.15 ന് പതിനേഴുകാരനായ അഫ്ഗാൻ അഭയാർഥിയാണ് യാത്രക്കാരെ മഴുവും കത്തിയുമായി ആക്രമിച്ചത്. അല്ലാഹു അക്ബർ എന്ന് ആക്രോശിച്ചാണ് അക്രമി യാത്രക്കാരെ ആക്രമിച്ചത്. സംഭവത്തിൽ ഇരുപത് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

യാത്രക്കാർ അപായ ചങ്ങല വലിച്ച് പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്നു സ്പെഷൽ കമാൻഡോകൾ എത്തി ആക്രമിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ആക്രമണത്തിനു പിന്നിലുള്ള പ്രകോപനം എന്താണെന്നു വ്യക്‌തമായിട്ടില്ല.

ഫ്രാൻസിലെ നീസിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റിയതിനെ തുടർന്നു 84 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇത്തരമൊരു ആക്രമണത്തിനു ജർമനി സാക്ഷിയാവന്നുത്. ഫ്രാൻസ്, ബെൽജിയം എന്നീ രാജ്യങ്ങൾ ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവാകുന്നതിനിടെയാണ് ജർമനിയിൽ അഭയാർഥി യുവാവിന്റെ പരാക്രമണം. ആഭ്യന്തര യുദ്ധം ശക്‌തിയാർജിച്ച അഫ്ഗാൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഒരു മില്യണിലധികം അഭയാർഥികൾക്കാണ് ജർമനി അഭയം നൽകിയിട്ടുള്ളത്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ