മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളും പദയാത്രയും
Tuesday, July 19, 2016 5:59 AM IST
ലണ്ടൻ: ഷെഫീൽഡ് മലങ്കര കത്തോലിക്ക സഭയുടെ പുണ്യപിതാവ് ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ അറുപത്തിമൂന്നാം ഓർമ പെരുന്നാൾ വിവിധ തിരുക്കർമങ്ങളോടെ മലങ്കര കത്തോലിക്ക സഭാംഗങ്ങൾ ആഘോഷിച്ചു.

16നു രാവിലെ 11ന് ഷെഫീൽഡിലെ മാർഗസ്റ്റൻ ക്രസന്റിലുള്ള സെന്റ് തോമസ് മൂർ ദേവാലയത്തിലെ പ്രത്യേക പ്രാർഥനയോടെ തിരുക്കർമങ്ങൾ ആരംഭിച്ചു. പ്രാർഥനാ മധ്യേ പ്രത്യേകം തയാറാക്കിയ വള്ളി കുരിശ് ചാപ്ലെയിൻ ഫാ. തോമസ് മടുക്കുംമൂട്ടിൽ വെഞ്ചരിച്ച് എംസിവൈഎം കോഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് ജോബി ജോസിനു കൈമാറി. വിവിധ മിഷനുകളെ പ്രതിനിധീകരിച്ചു രാജു ചെറിയാൻ കുരിശിൽ പുഷ്പമാല അണിയിച്ചു. കാവി വസ്ത്രങ്ങളണിഞ്ഞാണ് വിശ്വാസികൾ പദയാത്രയിൽ പങ്കു ചേർന്നത്. കിലോമീറ്ററുകൾ നീണ്ട പദയാത്രയിൽ വിവിധ മിഷൻ കേന്ദ്രങ്ങളിൽനിന്നുള്ള കുടുംബങ്ങൾ പങ്കു ചേർന്നു. ഇദംപ്രദമായി സംഘടിപ്പിച്ച പദയാത്ര ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ മാധ്യസ്‌ഥം അപേക്ഷിച്ചു പ്രാർഥിക്കുന്നതിനും അവസരമായി.

എംസിവൈഎം അംഗങ്ങളുടെ നേതൃത്വത്തിൽ ക്രമീകരിച്ച പദയാത്ര സെന്റ് പാട്രിക് ദേവാലയത്തിൽ എത്തിച്ചേർന്നപ്പോൾ ഫാ. തോമസ് മടുക്കുംമൂട്ടിൽ സ്വീകരിച്ചു. തുടർന്നു വിശുദ്ധ കുർബാന, ധൂപ പ്രാർഥന തുടങ്ങിയ തിരുക്കർമങ്ങൾ നടന്നു.

എംസിവൈഎം പ്രസിഡന്റ് ജോബി ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. അവിസ്മരണീയമായ പദയാത്രയ്ക്കും മറ്റു തിരുക്കർമങ്ങൾക്കും വിൻസെന്റ്, ക്രൈസ്റ്റൻ എന്നിവർ നേതൃത്വം നൽകി.

പുനരൈക്യ പ്രസ്‌ഥാനത്തിനു നേതൃത്വം നൽകി, മലങ്കര കത്തോലിക്ക സഭക്ക് രൂപം നൽകുന്നതിനു തന്നെ സമർപ്പണം ചെയ്ത ദൈവദാസൻ മാർ ഈവാനിയോസ് 1953 ജൂലൈ 15നാണ് കാലം ചെയ്തത്. വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നാമകരണ നടപടികൾ സഭയിൽ തുടരുന്നു.

<ആ>റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ