എസ്എംസിസിയുടെ എക്യുമെനിക്കൽ തീർഥാടന ഒരുക്കങ്ങൾ പൂർത്തിയാകുന്നു
Wednesday, July 20, 2016 5:10 AM IST
മയാമി: ആഗോള കത്തോലിക്കാ സഭ 2016 കരുണയുടെ ജൂബിലി വർഷമായി ആചരിക്കാൻ ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തതനുസരിച്ച്, ഷിക്കാഗോ സീറോ മലബാർ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ (എസ്എംസിസി) ഫ്ളോറിഡ ചാപ്റ്റർ– കോറൽസ്പ്രിംഗ് ഔവർ ലേഡി ഓഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘ഹെവൻലി യൂറോപ്പ്’ എന്ന 15 ദിവസം നീളുന്ന എക്യുമെനിക്കൽ തീർഥാടനം 2016 ജൂലൈ 26–നു ആരംഭിച്ച് ഓഗസ്റ്റ് പത്തിനു തിരിച്ചെത്തുന്നു.

യൂറോപ്പിലെ എട്ട് രാജ്യങ്ങളിലൂടെ (സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ബോസ്നിയ, ക്രൊയേഷ്യ, ഇറ്റലി, വത്തിക്കാൻ) തുടങ്ങിയ രാജ്യങ്ങളിലെ പുണ്യസങ്കേതങ്ങളും, ലോകപ്രശസ്തങ്ങളായ മരിയൻ തീർഥാടന കേന്ദ്രങ്ങളായ ലൂർദ്, മജ്ഗോരി, ഫാത്തിമ ഉൾപ്പടെ അസീസി, ബാഴ്സിലോണ, ആവിലായും വെനീസും, പാദുവ, സൂറിച്ച്, മാട്രിഡ്, റോമിലെ പുണ്യസങ്കേതങ്ങൾ, സെന്റ് പീറ്റേഴ്സ് ബലിസിക്ക എന്നിവയും സന്ദർശിക്കുന്നതും കൂടാതെ സ്വിറ്റ്സർലൻഡിന്റെ മനോഹാരിതയും ആസ്വദിക്കുന്നു.

സ്വജീവിതം അനേകർക്ക് ബലിദാനമായി സമർപ്പിച്ച് കടന്നുപോയ പുണ്യാത്മാക്കളുടെ പാദാന്തികത്തിൽ പ്രാർഥനാപൂർവ്വമണഞ്ഞാൽ ദൈവികമായ കൃപയും, അനുഗ്രഹവും ലഭിക്കുമെന്നു അനേകം സാക്ഷ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. കത്തോലിക്കാ സഭ പ്രഖ്യാപിച്ച കരുണയുടെ ഈ ജൂബിലി വർഷത്തിൽ അനുതാപത്തോടും ആത്മീയ ഒരുക്കത്തോടും സഭ നിഷ്കർഷിക്കുന്ന പ്രാർത്ഥനാപൂർവ്വം തീർത്ഥാടനം നടത്തിയാൽ ദൈവാനുഗ്രഹം കൂടുതലായി ലഭിക്കുവാൻ ഇടയാകുമെന്ന് കോറൽസ്പ്രിംഗ് ഔവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ വികാരിയും എസ്.എം.സി.സിയുടേയും, ഈ എക്യൂമെനിക്കൽ തീർഥാടനത്തിന്റേയും സ്പിരിച്വൽ ഡയറക്ടറുമായ ഫാ. കുര്യാക്കോസ് കുംബക്കിൽ പറഞ്ഞു.

എസ്എംസിസി ഫ്ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടാമത്തെ എക്യുമെനിക്കൽ ഹോളിലാന്റ് ടൂറാണു ഹെവൻലി യൂറോപ്പ്.

ഷിക്കാഗോ രൂപതാ സഹായമെത്രാൻ അഭിവന്ദ്യ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തിൽ എസ്എംസിസിയുടെ പ്രഥമ എക്യുമെനിക്കൽ തീർഥാടനത്തിൽ നൂറോളം തീർഥാടകർ കഴിഞ്ഞവർഷം വിശുദ്ധ നാട് (ഇസ്രായേൽ) തീർത്ഥാടനം നടത്തിയിരുന്നു.

ജേക്കബ് തോമസിന്റേയും (ഷാജി), സജി കുര്യന്റേയും ഉടമസ്‌ഥതയിൽ ഫ്ളോറിഡയിലും, കേരളത്തിലുമായി പ്രവർത്തിക്കുന്ന ഫെയ്ത്ത് ഹോളിഡേ എന്ന ടൂർ ഓപ്പറേറ്റിംഗ് കമ്പനിയാണ് എസ്എംസിസിക്കുവേണ്ടി ഈ തീർഥാടനയാത്രയുടെ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് എക്യുമെനിക്കൽ ടൂർ കോ–ഓർഡിനേറ്റർ ജോയി കുറ്റ്യാനി അറിയിച്ചു.

അമേരിക്കയിലെ വിവിധ സംസ്‌ഥാനങ്ങളിൽനിന്നുള്ള വിവിധ സഭാവിശ്വാസികൾ ഈ എക്യുമെനിക്കൽ തീർത്ഥാടനത്തിൽ പങ്കുചേരുന്നുണ്ടെന്നു എസ്എംസിസി പ്രസിഡന്റ് സാജു വടക്കേൽ അറിയിച്ചു. ജോയി കുറ്റ്യാനി അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം