മെലനിയയുടെയും മിഷേലിന്റെയും ഒരേ സ്വരം
Wednesday, July 20, 2016 6:20 AM IST
ക്ലീവ്ലാൻഡ്: റിപ്പബ്ലിക്കൻ പാർട്ടിയുടെ നാഷണൽ കൺവൻനിൽ പ്രസിഡന്റ് സ്‌ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചിരിക്കേ ഇനിയുള്ളത് വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയുടെ പ്രഖ്യാപനം മാത്രമാണ്. മൈക്ക് പെൻസിൻ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്.

അതിനിടയിലാണ് മെലനിയ ട്രംപിന്റെ പ്രസംഗം വിവാദമായിരിക്കുന്നത്. പ്രസംഗം കേട്ടു കഴിഞ്ഞ് ചിലർ സോഷ്യൽ മീഡിയ ഫയലുകളിൽ തപ്പി. എട്ടു വർഷം മുൻപ് അന്ന് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്‌ഥാനാർഥിയായി ബറാക് ഒബാമയെ പ്രഖ്യാപിച്ച കൺവൻഷനിൽ ഒബാമയുടെ ഭാര്യ മിഷെൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളിൽനിന്നു പ്രേരണ ഉൾക്കൊണ്ടതാണു മെലനിയുടെ പ്രസംഗം എന്ന് ചിലർ കണ്ടെത്തി. ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ച ആരംഭിച്ചു.

മിഷേലും മെലനിയയും ഓർത്തെടുത്ത് പ്രസംഗങ്ങളിൽ ചേർത്തത് തങ്ങളുടെ കുട്ടിക്കാലമാണ്. മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി മാതാപിതാക്കൾ തന്നെ വളർത്തിയ കഥയാണ് മിഷേൽ പറഞ്ഞത്. യൂറോപ്പിലെ സ്ലോവേനിയയിൽ തന്നെ വളർത്തുമ്പോൾ പറഞ്ഞു പഠിപ്പിച്ച മൂല്യങ്ങളെക്കുറിച്ചാണു മെലനിയ ഓർത്തെടുത്തത്.

കക്ഷിഭേദം അനുസരിച്ച് രാഷ്ട്രീയവൃത്തങ്ങളിൽ അനുകൂല പ്രതികൂല പ്രതികരണങ്ങൾ ഉണ്ടായി. ട്രംപ് പ്രചാരണ സംഘത്തിലെ പ്രസംഗം എഴുത്തുകാരൻ തനിക്ക് അഭിപ്രായമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. മറ്റൊരു പ്രസംഗ എഴുത്തുകാരൻ ആയിരിക്കാം എഴുതിയതെന്നു ചിലർ അനുമാനിച്ചു. ലഭിക്കാവുന്ന ഏറ്റവും കുറച്ച് സഹായത്തോടെ താൻതന്നെയാണു പ്രസംഗം തയാറാക്കിയതെന്നാണു മെലനിയയുടെ മറുപടി.

പൊതുവെ പ്രസംഗത്തെ അനുകൂലിച്ചാണു റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർമാൻ റീൻസ് പ്രീ ബസ് സംസാരിച്ചത്. എങ്കിലും തനിക്കാണ് ഇങ്ങനെ ഒരു പ്രസംഗം എഴുതിത്തരുന്നതെങ്കിൽ താൻ ആ എഴുത്തുകാരനെ പറഞ്ഞു വിടുമായിരുന്നുവെന്നു കൂട്ടിച്ചേർത്തു. പ്രചാരണസംഘം മാനേജർ പോൾ മാനഫോർട്ട് പ്രസംഗം പരസ്വാദനം ചെയ്തതാണെന്ന ആരോപണം നിഷേധിച്ചു. മൂന്നരക്കോടി ജനങ്ങൾക്ക് മുൻപിലാണു പ്രസംഗിക്കുന്നതെന്നു മെലനിയയ്ക്ക് അറിയാമായിരുന്നു. അവർ ഒരിക്കലും കോപ്പിയടിക്കുകയില്ലെന്നു മാനഫോർട്ട് പറഞ്ഞു.

വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രസംഗ മോഷണത്തെ അപലപിച്ചു. ഹില്ലരിയുടെ പ്രചാരണ സംഘം സ്ത്രീകളെ സ്വാധീനിക്കാനുളള തന്ത്രമായാണ് ഇതിനെ വിശേഷിപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ഓരോരുത്തരായി മുന്നോട്ടു വന്ന് പ്രസംഗങ്ങളിലെ സമാനത വിമർശിക്കുകയാണ്.

ഇതിനിടയിൽ കൺവൻഷൻ നടപടികൾ പുരോഗമിക്കുന്നുണ്ട്. ജോൺ കേസിക്കും മാർക്കോ റൂബിയോയും നേടിയ 19 ഡെലിഗേറ്റുകൾ ട്രംപിനു നൽകുകയാണന്ന പ്രഖ്യാപനം നടത്തി. ഇതോടെ പകുതിയിലധികം പ്രതിനിധികൾ ട്രംപിനു സ്വന്തമായി. 1,237 എന്ന മാന്ത്രിക നമ്പർ ട്രംപ് മറികടന്നു.

തന്റെ വൈസ് പ്രസിഡന്റ് സ്‌ഥാനാർഥിയായി ട്രംപ് തെരഞ്ഞെടുത്തത് മൈക്ക് പെൻസിനെയാണ്. 2013മുതൽ ഇന്ത്യാന ഗവർണറാണ് അദ്ദേഹം. വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു ദിവസം ശേഷിക്കേയാണു ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായത്.

പെൻസിനെതിരേ ഉയർന്ന വലിയ വിമർശനം 2015ലെ റിലിജിയസ് ഫ്രീഡം റസ്റ്ററേഷൻ ആക്ടിന്റെ വലിയ പിന്തുണക്കാരനാണ് എന്നതായിരുന്നു. ഈ സംസ്‌ഥാന നിയമം ലെസ് ബിയൻ ഗേ ബൈ സെക്ഷ്വൽ ട്രാൻസ്ജെൻഡർ അവകാശങ്ങൾ നിഷേധിക്കുന്നു എന്നാണ് ആരോപണം. പിന്നീട് പെൻസിനെ എൽജിബിടിക്കാർ പിന്തുണച്ചു. ഇപ്പോൾ ഇവരുടെയും കുടിയേറ്റക്കാരുടെയും സുഹൃത്തായാണ് അറിയപ്പെടുന്നത്. ട്രംപിന്റെ കർക്കശ നിലപാടുകൾക്കു പെൻസ് ഒരു ബാലൻസിംഗ് ഘടകം ആയിരിക്കുമെന്നു നിരീക്ഷകർ കരുതുന്നു.

<ആ>റിപ്പോർട്ട്: ഏബ്രഹാം തോമസ്