ടോം ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ
Wednesday, July 20, 2016 6:25 AM IST
ഡബ്ലിൻ: ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടർ എന്ന ബഹുമതി ഐറിഷ് മലയാളിയായ ടോമിനു സ്വന്തം. ഇരുപത്തൊന്നാം വയസിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയാണു ടോം ഈ ബഹുമതിക്ക് അർഹനായത്. ഇതോടൊപ്പം അയർലൻഡിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലെ ആദ്യ ഡോക്ടർ എന്ന സ്‌ഥാനവും ടോം സ്വന്തമാക്കി.

കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ടോം ലൂക്കൻ സെന്റ് മേരീസ്, സെന്റ് ആൻസ്, ഡ്രിമ്ന കാസിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ബ്രിട്ടനിൽ നോർവിച്ച് മെഡിക്കൽ സ്കൂളിൽ (യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിക്ക) നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി.

അയർലൻഡിലെ കോളജ് പഠനകാലത്ത് നോബൽ സമ്മാന ജേതാവ് ജോൺ ഹ്യൂവിൽനിന്നും അവാർഡും ബെസ്റ്റ് അക്കഡേമിക് സ്റ്റുഡന്റ് അവാർഡും കരസ്‌ഥമാക്കിയിട്ടുണ്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിന്റെ പങ്കാളിത്തത്തോടെ ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ഗാസ്ട്രോ എൻട്രോളജിയിൽ പ്രബന്ധം അവതരിപ്പിച്ച് അന്തർദേശീയ തലത്തിൽ അംഗീകാരം നേടാൻ കഴിഞ്ഞതും ടോമിന്റെ വിജയ കിരീടത്തിലെ ഒരു പൊൻതൂവലാണ്. ഡബ്ലിൻ സീറോ മലബാർ സഭ, ഡബ്ല്യുഎംസി, ലൂക്കൻ മലയാളി ക്ലബ്ബ് എന്നിവയുടെ പുരസ്കാരങ്ങളും ടോമിനെ തേടിയെത്തിയിട്ടുണ്ട്.

ബെർമിംഗ്ഹാമിലെ ക്വീൻ എലിസബത്ത് യൂണിവേഴ്സിറ്റിയിൽ സീനിയർ ഹൗസ് ഓഫീസറായി ജോലി ലഭിച്ച ടോം, ഗാസ്ട്രോ എൻട്രോളജിയിൽ ഉപരിപഠനത്തിനു തയാറെടുക്കുകയാണ്.

പിതാവ് വൈക്കം കളത്തിപ്പറമ്പിൽ തോമസ് ജോസഫ്, സീറോ മലബാർ സഭ കേന്ദ്ര കമ്മിറ്റി അംഗം, വേൾഡ് മലയാളി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, ലൂക്കൻ മലയാളി ക്ലബ്ബ് മുൻ പ്രസിഡന്റുമാണ്. മാതാവ്: ലിസമ്മ സെന്റ് ജയിംസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ്്. സഹോദരൻ: നാലാം വർഷ മെഡിക്കൽ വിദ്യാർഥി ടെനി.

<ആ>റിപ്പോർട്ട്: രാജു കുന്നക്കാട്ട്