ജർമനിയിലെ അഫ്ഗാനികൾ സംശയത്തിന്റെ നിഴലിലേക്ക്
Wednesday, July 20, 2016 8:22 AM IST
ബെർലിൻ: ജർമനിയിലെത്തുന്ന അഭയാർഥികളിൽ വലിയൊരു പങ്ക് അഫ്ഗാൻകാരാണ്. ഇവരെ ഒന്നടങ്കം സംശയത്തിന്റെ നിഴലിലാക്കുന്നതായി ട്രെയിനിൽ ആക്രമണം നടത്തിയ മുഹമ്മദ് റിയാദിന്റെ പ്രവൃത്തി.

സിറിയക്കാർ കഴിഞ്ഞാൽ ജർമനിയിലുള്ള ഏറ്റവും കൂടുതൽ അഭയാർഥികൾ അഫ്ഗാൻകാരാണ്. പുതുവർഷത്തലേന്നു മ്യൂണിക്കിലുണ്ടായ കൂട്ട ലൈംഗിക അതിക്രമത്തെത്തുടർന്നു മൊറോക്കൻ വംശജർക്കെതിരേ ഉയർന്ന തരത്തിലുള്ള ജനരോഷം ഇനി അഫ്ഗാൻകാർക്കെതിരേയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

രാജ്യത്തിന്റെ അതിരുകൾ മലർക്കെ തുറന്നിടുന്ന അഭയാർഥി നയം ഒരിക്കൽക്കൂടി രൂക്ഷ വിമർശനത്തിനു പാത്രമാകാനും ഈ ആക്രമണം വഴിതെളിക്കുന്നു.

2015 ൽ മാത്രമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം അഫ്ഗാനിസ്‌ഥാനിൽ വ്യാപകമാകുന്നത്. എന്നാൽ, അവിടെ നേരത്തെതന്നെയുള്ള താലിബാൻ എന്ന ഭീകര സംഘടനയുമായി ഉണ്ടായ നിരന്തര സംഘർഷങ്ങൾ കാരണം സംഘടനയ്ക്ക് രാജ്യത്ത് അധികം വേരോട്ടം സൃഷ്‌ടിക്കാൻ സാധിച്ചിട്ടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്‌ഥാൻ ഇന്ന്. നിരന്തരമായ സംഘർഷങ്ങളും ആഭ്യന്തര പ്രശ്നങ്ങളും തന്നെയാണ് ഇതിന്റെ അടിസ്‌ഥാന കാരണം. നാൽപ്പതു ശതമാനം തൊഴില്ലായ്മാ നിരക്കും കൂടിയാകുമ്പോൾ യുവാക്കൾ കൂട്ടത്തോടെ മറ്റു രാജ്യങ്ങളിലേക്കു കുടിയേറാൻ ശ്രമിക്കുകയും ചെയ്യുന്നു. ജർമനിയിൽ ആകെ 1,60,000 അഫ്ഗാനികൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 80,000 പേർ ജർമൻ പൗരത്വം സ്വീകരിച്ചരാണ്. ബാക്കിയുള്ളവർക്ക് അഫ്ഗാൻ പാസ്പോർട്ടാണുള്ളത്. ഇവരിൽ ഏറ്റവും കൂടുതൽ ഹാംബുർഗിലാണ് താമസിക്കുന്നത്. ഇത് 22,000 പേർ വരും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ