നഗരത്തിൽ ആഘോഷങ്ങൾ അസ്തമിക്കില്ല
Thursday, July 21, 2016 8:21 AM IST
ബംഗളൂരു: നഗരത്തിലെ പബുകളും ഹോട്ടലുകളും ബാറുകളും പുലർച്ചെ ഒരുമണി വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നല്കുന്നതോടെ നഗരം അസ്തമിക്കാത്ത ആഘോഷങ്ങളിലേക്കു നീങ്ങുന്നു. നിലവിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമുണ്ടായിരുന്ന രാത്രിയാഘോഷങ്ങൾ ഇനി എന്നും പുലർച്ചെവരെ നീളും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പുലർച്ചെ ഒരു മണി വരെയും മറ്റു ദിവസങ്ങളിൽ രാത്രി 11.30 വരെയും മാത്രമേ ഇവയ്ക്കു തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. വിവിധ സംരംഭകരുടെയും സംഘടനകളുടെ ആവശ്യപ്രകാരം പരീക്ഷണാടിസ്‌ഥാനത്തിൽ ഒരു വർഷത്തേക്കാണ് പ്രവർത്തനസമയം ദീർഘിപ്പിക്കാൻ അനുമതി നല്കിയിരിക്കുന്നത്.

എക്സൈസ് മന്ത്രിയുൾപ്പെട്ട ഉന്നതതല യോഗമാണ് ഇതിന് അംഗീകാരം നല്കിയത്. മുഖ്യമന്ത്രിയുടെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമേ ഇത് പ്രാവർത്തികമാകുകയുള്ളൂ. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് എക്സൈസ് കമ്മീഷണർ എസ്.ആർ. ഉമാശങ്കർ പറഞ്ഞു. നിശാജീവിതം ഏറെ ആസ്വദിക്കുന്ന ബംഗളൂരുവിലെ ജനങ്ങൾക്ക് പുതിയ തീരുമാനം ആവേശം പകരുന്നതാണ്. വാരാന്ത്യങ്ങളിലുംഞായറാഴ്ചയും പബുകളിലും റസ്റ്ററന്റുകളിലും രാത്രിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാ ദിവസവും പുലർച്ചെ വരെ ഇവ തുറന്നു പ്രവർത്തിക്കുന്നതോടെ ഇടദിവസങ്ങളിലും ഈ തിരക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്‌ഥാപനങ്ങൾ. അടുത്തിടെ ഭക്ഷ്യശാലകൾക്ക് എല്ലാ ദിവസവും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ പോലീസ് കമ്മീഷണർ എൻ.എസ്. മേഘരിക്അനുമതി നല്കിയിരുന്നു. സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബാർ–റസ്റ്റോറന്റ്–പബ്–ഹോട്ടൽ അസോസിയേഷൻ അറിയിച്ചു.

സുരക്ഷയുടെ കാര്യത്തിൽ സിറ്റി പോലീസ് കമ്മീഷണർ എൻ.എസ്.മേഘരിക് ഉറപ്പുനല്കിയിട്ടുണ്ടെങ്കിലും, ബാറുകളും പബുകളും എല്ലാദിവസവും പുലർച്ചെ ഒന്നു വരെ പ്രവർത്തിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്ന ഭീതിയും പോലീസിനുണ്ട്. നിലവിലെ അംഗബലം വച്ച് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ പ്രവർത്തിക്കുന്ന പബുകളുടെയും ബാറുകളുടെയും സമീപം സുരക്ഷയൊരുക്കാൻ പോലീസിനു കഴിഞ്ഞെന്നുവരില്ല. ഇതിന് കൂടുതൽ പോലീസുകാരെ നിയമിക്കേണ്ടിവരും. മദ്യപിച്ച് വാഹനമോടിക്കുന്ന സംഭവങ്ങളും ഇതുമൂലമുള്ള അപകടങ്ങളും ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നുണ്ട്.

പ്രധാന നഗരങ്ങളിൽ താമസിക്കുന്നവരും സർക്കാർ തീരുമാനത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. പബുകളും ബാറുകളും മൂലം തങ്ങൾക്ക് ഇപ്പോൾത്തന്നെ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടെന്നും സമയം നീട്ടിയാൽ കുറ്റകൃത്യങ്ങളും ഗതാഗതപ്രശ്നങ്ങളും വർധിക്കുമെന്നും ഇന്ദിരാനഗറിലെയും കോറമംഗലയിലെയുമടക്കമുള്ള താമസക്കാർ അഭിപ്രായപ്പെട്ടു. റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.