സൗദിയിൽ വാണിജ്യ സ്‌ഥാപനങ്ങളുടെ പ്രവൃത്തിസമയം രാത്രി ഒൻപതു വരെ ആക്കുന്നു
Thursday, July 21, 2016 8:50 AM IST
ദമാം: സൗദിയിലെ വാണിജ്യസ്‌ഥാപനങ്ങളുടെ പ്രവൃത്തിസമയം രാത്രി ഒൻപതു വരെയാക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് അംഗീകാരത്തിനായി ബന്ധപ്പെട്ട വകുപ്പിനു സമർപ്പിച്ചതായി സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.

എന്നാൽ രാജ്യത്തെ വിനോദ കേന്ദ്രങ്ങളിലെ ഹോട്ടലുകളുടെയും മറ്റിതര സ്‌ഥാപനങ്ങളുടെയും പ്രവർത്തി സമയം രാത്രി 12 വരെയും അവധി ദിവസങ്ങളിൽ പുലർച്ചെ ഒന്നു വരെയും അനുവദിക്കും.

സ്വദേശി യുവാക്കളെ വാണിജ്യ മേഖലയിലേക്ക് ആകർഷിക്കുക എന്നതാണു പുതിയ തീരുമാനത്തിനു പിന്നിലുള്ളത്.

ഇതിന്റെ അടിസ്‌ഥാനത്തിൽ സൗദിയുടെ വിവിധ മേഖലകളിൽനിന്നു പൊതുജനാഭിപ്രായം സ്വരൂപിച്ചു ഉന്നത കേന്ദ്രത്തിനു സമർപ്പിച്ചതായി തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഫഹദ് അൽഉവൈദി അറിയിച്ചു.

രാത്രി ഒൻപതിനു കടകളടയ്ക്കുന്നതു സംബന്ധിച്ചു സൗദിയുടെ വിവിധ മേഖലകളിലുള്ള ചേംബർ ഓഫ് കൊമേഴ്സ് അധികൃതരും മറ്റു പ്രമുഖരും വ്യത്യസ്ത അഭിപ്രായമാണു പ്രകടിപ്പിച്ചത്. ഇതു സംബന്ധിച്ചു നടത്തിയ സർവേയിൽ രാത്രി ഒൻപതിനു കടകൾ അടയ്ക്കുന്നതിനെ 49 ശതമാനം പേരും അനുകൂലിക്കുന്നതായി കണ്ടെത്തി.

എന്നാൽ, ഇതു പ്രാബല്യത്തിൽ വന്നാൽ സ്വദേശി യുവാക്കൾ ഈ മേഖലയിലേക്കു കടന്നുവരുന്നതിനു അവസരമൊരുങ്ങുമെന്നും ഇതു സമുഹത്തിനു ഗുണകരാമാകുമെന്നുമാണു ചിലരുടെ അഭിപ്രായം.

അതേസമയം, രാത്രി ഒൻപതിനു സ്‌ഥാപനങ്ങൾ അടയ്ക്കുന്നത് ഉടമകൾക്കു വലിയ സാമ്പത്തിക നഷ്‌ടത്തിനു ഇടയാക്കുമെമെന്നാണു ചിലരുടെ വാദം.

മക്കയിലെ വിശുദ്ധ ഹറമിനും മദീനയിലെ മസ്ജിദുന്നബവിക്കും സമീപമുള്ള വ്യാപാര സ്‌ഥാപനങ്ങളെ ഈ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം