മലയാളി ജർമൻ കുടുംബസംഗമം ശ്രദ്ധേയമായി
Thursday, July 21, 2016 8:51 AM IST
സ്റ്റുട്ട്ഗാർട്ട്: ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജർമൻ കുടുംബ സംഗമം നാലു ദിവസം നീണ്ട പരിപാടികളോടെ സമാപിച്ചു.

ജൂലൈ 14 മുതൽ 17 വരെ എസ്താളിലെ സെന്റ് മരിയ ക്ലോസ്റ്ററിൽ നടത്തിയ ഇരുപതാമത് സംഗമത്തിൽ സാഹിത്യ സാംസ്കാരിക സാമൂഹ്യ വിഷയങ്ങളെ അധികരിച്ചു ചർച്ച നടത്തി. ഏബ്രഹാം വാണിയത്ത്, ഏബ്രഹാം നടുവിലേടത്ത്, ഈനാശു തലക്, ജോർജ് പൂവൻ, ഡോ. സുനീഷ് ജോർജ്, സാബു ജേക്കബ്, വർഗീസ് കാച്ചപ്പിള്ളി, ബേബി കലയംകേരിൽ, മേരി കലയംകേരിൽ, നിർമല ഫെർണാണ്ടസ്, തങ്കച്ചൻ പുളിമൂട്ടിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കേരളത്തിനിമയിലുള്ള കലാപരിപാടികൾ അരങ്ങേറി. നൃത്തം, ഗാനമേള, ഹാസ്യനാടകങ്ങൾ, കവിതാപാരായണം തുടങ്ങിയ പരിപാടികൾ സദസിനെ ഏറെ ആനന്ദിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച സമൂഹ നൃത്തങ്ങൾ മുക്‌തകണ്ഠപ്രശംസ നേടി. കായികവിനോദങ്ങൾ, യോഗാപരിശീലനം എന്നിവ സംഗമത്തിൽ പങ്കെടുത്തവർക്ക് ഊർജം പകരുന്ന വ്യായാമങ്ങളായിരുന്നു.

വിനോദ് ബാലകൃഷ്ണ, ജോസഫ് വെള്ളാപ്പള്ളിൽ എന്നിവർ സംസാരിച്ചു. വിനോദത്തിനും വിശ്രമത്തിനും വേദിയൊരുക്കിയ കുടുംബ സംഗമത്തിന്റെ വിജയത്തിനുവേണ്ടി അഗസ്റ്റിൻ മണിയങ്കേരിക്കളം, തെരേസാ പനക്കൽ, സുധ വെള്ളാപ്പള്ളിൽ, തങ്കച്ചൻ പുളിമൂട്ടിൽ, റ്റാനിയ ചാക്കോ എന്നിവർ സജീവ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ