സൗദിയിൽ ആരോഗ്യമേഖലയിൽ ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു
Friday, July 22, 2016 6:18 AM IST
ദമാം: ചികിത്സ പിഴവുകൾ കണക്കിലെടുത്തു ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താൻ സൗദി ആരോഗ്യമന്ത്രാലയം നിയമം കൊണ്ടുവരുന്നു.

സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്ന നഴ്സുമാർ, ടെക്നീഷ്യന്മാർ തുടങ്ങി ബന്ധപ്പെട്ട മുഴുവൻ ജീവനക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

ആശുപത്രികളിലുണ്ടാകുന്ന ചികിത്സ പിഴവുകളിൽ രോഗിക്ക് നഷ്‌ട പരിഹാരം നൽകുന്നതിനു ഡോക്ടർമാർക്കു മാത്രമാണു നിലവിൽ ഇൻഷ്വറൻസ് പരിരക്ഷയുള്ളത്. ഇത്തരം കേസുകളിൽപ്പെടുന്ന നഴ്സുമാർ, ടെക്നീഷ്യന്മാർ തുടങ്ങിയ മറ്റു ജീവനക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നിലവിലില്ല.

ഇത്തരത്തിൽ ചികിത്സപ്പിഴവിന്റെ പേരിൽ മക്ക പ്രവിശ്യയിൽ കഴിഞ്ഞ വർഷം ആരോഗ്യമേഖലയിലെ ജീവനക്കാർക്കെതിരേയുള്ള 36 കേസുകളിൽ വിധി പറഞ്ഞതായി മക്ക ആരോഗ്യ കാര്യാലയത്തിനു കീഴിലുള്ള ലീഗൽ സെൽ വ്യക്‌തമാക്കി. ഇതിൽ നാലു കേസുകളിൽ മാത്രം പത്തു ലക്ഷം റിയാലിലേറെ നഷ്‌ടപരിഹാരം നൽകാനും വിധിച്ചു.

ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ 116 പേർക്കെതിരെയാണ് ചികിത്സ പിഴവിന്റെയും നിയമ ലംഘനങ്ങളുടെയും പേരിൽ പിഴ ചുമത്തിയത്. ഈ സാഹചര്യത്തിലാണ് സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും പ്രവർത്തിക്കുന്ന നഴ്സുമാർ, ടെക്നീഷ്യന്മാർ തുടങ്ങി ബന്ധപ്പെട്ട മുഴുവൻ ജീവനക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്താനാൻ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നത്.

ഇതു ചികിത്സ പിഴവു സംഭവിക്കുന്ന കേസുകളിൽ ജീവനക്കാരിൽനിന്നു ഭീമമായ നഷ്‌ടപരിഹാര തുക ഈടാക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം