ഐഎംഎഫ് നിലപാട് മാറ്റി: ബ്രെക്സിറ്റ് കാരണം ബ്രിട്ടൻ വേഗത്തിൽ വളരും
Friday, July 22, 2016 8:21 AM IST
ലണ്ടൻ: ബ്രെക്സിറ്റിന്റെ ഫലമായി ബ്രിട്ടീഷ് സമ്പദ് വ്യവസ്‌ഥയ്ക്ക് എന്തു സംഭവിക്കും എന്ന വിലയിരുത്തൽ തെറ്റിപ്പോയെന്ന് ഐഎംഎഫിന്റെ കുറ്റസമ്മതം.

ബ്രെക്സിറ്റ് സംഭവിക്കുന്നതോടെ ബ്രിട്ടീഷ് സമ്പദ് വ്യവസ്‌ഥ തകരുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാൽ, ബ്രിട്ടീഷ് സമ്പദ് വ്യവസ്‌ഥ ജർമനിയുടെയും ഫ്രാൻസിന്റെയും സമ്പദ് വ്യവസ്‌ഥകളെക്കാൾ വേഗത്തിൽ വളരാൻ ഇതിടയാക്കുമെന്നാണു പുതിയ വിലയിരുത്തൽ.

ബ്രിട്ടനിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിനു തന്നെ ബ്രെക്സിറ്റ് കാരണമാകുമെന്നും ഐഎംഎഫ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നതാണ്. പുതിയ പ്രവചനം അനുസരിച്ച്, ഈ വർഷം ബ്രിട്ടീഷ് സമ്പദ് വ്യവസ്‌ഥയിൽ 1.7 ശതമാനം വളർച്ച പ്രതീക്ഷിക്കാം.

ഐഎംഎഫിന്റെ പുതിയ റിപ്പോർട്ടു പുറത്തുവന്നതോടെ ബ്രെക്സിറ്റിനെ അനുകൂലിച്ചവർ ശക്‌തമായ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഐഎംഎഫിന്റെ വിശ്വാസ്യതയ്ക്ക് കാര്യമായ കുഴപ്പമുള്ളതായാണ് ഇതിൽനിന്നു മനസിലാക്കാവുന്നതെന്നു യുകെഐപി എംപി ഡഗ്ലസ് കാഴ്സ്വെൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ