കർണാടക ആർടിസി ബസുകൾ ഞായറാഴ്ച അർധരാത്രി മുതൽ പണിമുടക്കുന്നു
Saturday, July 23, 2016 7:48 AM IST
ബംഗളൂരു: ശമ്പള വർധനവ് ആവശ്യപ്പെട്ട് കർണാടക ആർടിസി, ബിഎംടിസി ജീവനക്കാർ ജൂലൈ 24നു (ഞായർ) അർധരാത്രി മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരത്തിലേക്കു നീങ്ങാൻ ജീവനക്കാർ തീരുമാനിച്ചത്. 23,000 സർവീസുകളെ സമരം ബാധിക്കും. കേരളത്തിലേക്കുള്ള കർണാടക ആർടിസി സർവീസുകളും നിലയ്ക്കും. കെഎസ്ആർടിസി, ബിഎംടിസി, എൻഡബ്ല്യുആർടിസി, എൻഇആർടിസി നാലു ഡിവിഷനുകൾ സമരത്തിൽ പങ്കെടുക്കും.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം അടുത്തിടെ എട്ടു ശതമാനം ഉയർത്തിയിരുന്നു. എന്നാൽ ഇത് അശാസ്ത്രീയമാണ്െ ജീവനക്കാർ ആരോപിച്ചു. കേന്ദ്രസർക്കാർ ജീവനക്കാർക്ക് 23 ശതമാനം ശമ്പളം വർധിപ്പിച്ചപ്പോൾ തങ്ങൾക്ക് വെറും എട്ടു ശതമാനത്തിൽ ഒതുങ്ങിയെന്നും മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം വളരെ കുറവാണെന്നും ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തി. നേരത്തെ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായും സംഘടനകൾ ചർച്ച നടത്തിയിരുന്നുവെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. എന്നാൽ പത്തു ശതമാനം വർധനയിൽ സർക്കാർ ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.