തേജൽ അഭിഷേകിന് ലിറ്റിൽ മിസ് ഇന്റർനാഷണൽ പുരസ്കാരം
Sunday, July 24, 2016 10:54 PM IST
ബാങ്കോക്ക്: പ്രിൻസ് ആൻഡ് പ്രിൻസസ് ഇന്റർനാഷണൽ ഓർഗനൈസേഷൻ തായ്ലൻഡിൽ സംഘടിപ്പിച്ച ലിറ്റിൽ മിസ് ഇന്റർനാഷണൽ മത്സരത്തിൽ കൊച്ചി സ്വദേശിനിയായ തേജൽ അഭിഷേകിന് സെക്കൻഡ് പ്രിൻസസ് ഇന്റർനാഷണൽ റണ്ണർ അപ്പ് കിരീടം. 22 രാജ്യങ്ങളിൽ നിന്നുമുള്ള 60 മത്സരാർഥികളോട് മത്സരിച്ചാണ് എട്ടു വയസുകാരിയായ തേജൽ സെക്കൻഡ് റണ്ണർ അപ്പ് കിരീടം ചൂടിയത്. ഇതിനു പുറമേ ബെസ്റ്റ് ഇന്റർനാഷണൽ ഡാൻസർ എന്ന പുരസ്ക്കാരത്തിനും തേജൽ അർഹയായി.

രണ്ടു മലയാള ചിത്രങ്ങളിലും ഒരു ടെലിഫിലിമിലും അഭിനയിച്ചിട്ടുള്ള തേജൽ നിരവധി മലയാള ചലച്ചിത്രങ്ങൾക്കും സീരിയലുകൾക്കും റേഡിയോ പരിപാടികൾക്കും പരസ്യങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ടുമുണ്ട്. നാടോടിനൃത്തം, ഭരതനാട്ട്യം, സിനിമാറ്റിക് ഡാൻസ് എന്നിവ അഭ്യസിക്കുന്നുമുണ്ട്. കൊച്ചി വൈറ്റില സ്വദേശിയായ അഭിഷേകിന്റെയും സൂസന്റെയും മകളായ തേജൽ കലൂർ സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.