ശ്രീലങ്കൻ എയർലൈൻസ്: കാലിക്കട്ട് എയർപോർട്ട് യൂസേഴ്സ് ഫോറം നിവേദനം നൽകി
Monday, July 25, 2016 5:35 AM IST
ദമാം: ശ്രീലങ്കൻ എയർലൈൻസ് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടു ദമാം കാലിക്കട്ട് എയർപോർട്ട് യൂസേഴ്സ് ഫോറം സൗദിയിലെ ശ്രീലങ്കൻ എയർലൈൻസ് കൺട്രി മാനേജർ ദാമിക കുലതുങ്കക്ക് നിവേദനം നൽകി. സാധ്യത പഠനം നടത്തി സാഹചര്യങ്ങളും മനസിലാക്കി സർവീസ് ആരംഭിക്കുന്നതിനുള്ള പ്രക്രിയ തുടങ്ങുമെന്നു കൺട്രി മാനേജർ ദാമിക കുലതുങ്ക അറിയിച്ചതായി ജനറൽ കൺവീനർ ടി.പി.എം. ഫസൽ അറിയിച്ചു.

നിലവിൽ കോഴിക്കോട് വിമാനത്താവളത്തിൽ സർവീസ് നടത്താൻ അനുമതിയുള്ള എ 320 വിഭാഗത്തിൽപ്പെട്ട ധാരാളം ഫ്ളൈറ്റുകൾ ശ്രീലങ്കൻ എയർലൈൻസിനുണ്ട്. മൂന്നു വർഷം മുമ്പാണ് കോഴിക്കോട്ടേയ്ക്കുള്ള സർവീസ് നിർത്തിവച്ചത്. ദിവസവും രണ്ടു സർവീസുകളാണ് ഉണ്ടായിരുന്നത്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് സർവീസ് നിർത്തിവയ്ക്കാൻ കാരണമായതെന്നു കൺട്രി മാനേജർ വിശദീകരിച്ചു. നിലവിൽ കൊച്ചിയിലേക്ക് ദമാമിൽ നിന്നും ശ്രീലങ്കൻ എയർലൈൻസ് സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട്ടേയ്ക്കുള്ള സർവീസ് പുനരാരംഭിക്കുന്നതോടെ മറ്റു എയർലൈൻ കമ്പനികളുടെ അമിത ടിക്കറ്റ് വർധന ഇല്ലാതാക്കാൻ സാധിക്കുമെന്നു യൂസേഴ്സ് ഫോറം ഭാരവാഹികൾ പറഞ്ഞു. ശ്രീലങ്കൻ എയർലൈൻസ് സർവീസ് ആരംഭിക്കുന്നതിനായി ശക്‌തമായ സമ്മർദ്ദം ചെലുത്താൻ കൂടുതൽ സഹകരണം ആവശ്യപ്പെട്ട് കാലിക്കട്ട് എയർപോർട്ട് ഡയറക്ടർ ജനാർദ്ദനെ സന്ദർശിക്കുമെന്നു ഭാരവാഹികൾ പറഞ്ഞു.

ഫോറം ഭാരവാഹികളായ മുഹമ്മദ് നജാത്തി, ആലിക്കുട്ടി ഒളവട്ടൂർ, അബൂബക്കർ കോഴിക്കോട് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

<ആ>റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം