ബെർമിംഗ്ഹാമിൽ സീറോ മലബാർ കൺവൻഷൻ സെപ്റ്റംബർ 25ന്
Monday, July 25, 2016 5:35 AM IST
ലണ്ടൻ: സീറോ മലബാർ സഭ ബെർമിംഗ്ഹാം അതിരൂപത ചാപ്ലെയിൻസിയുടെ ഏഴാമത് കുടുംബസംഗമം കൺവൻഷൻ 2016 സെപ്റ്റംബർ 25നു (ഞായർ) സ്റ്റെച്ച്ഫോർഡ് സെന്റ് തോമസ് നഗറിൽ (അൽമിറാജ് ഓഡിറ്റോറിയം) വിവിധ പരിപാടികളോടെ നടത്തുന്നു.

ഓക്സ്ഫോർഡ് മുതൽ സ്റ്റോക് ഓൺ ട്രെൻഡ് വരെയുള്ള 14 മാസ് സെന്ററുകളിൽനിന്നും ആയിരത്തോളം കുടുംബങ്ങൾ കൺവൻഷനിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളും കുട്ടികൾക്കായി മെരിറ്റ് മോണിംഗ് തുടങ്ങിയവ കൺവൻഷന്റെ ഭാഗമായിരിക്കും.

ഫാ. സെബാസ്റ്റ്യൻ അരീക്കാട്ടിലിന്റെ നേതൃത്വത്തിൽ എട്ടു വർഷം മുമ്പ് സോളിഹള്ളിൽ ആരംഭിച്ച കുടുംബ സംഗമത്തിന്റെ തുടർച്ചയാണ് ഏഴാം തവണയും നടത്തപ്പെടുന്നത്. കേരളത്തിൽനിന്നും യുകെയിൽനിന്നുമുള്ള സഭ മേലധ്യക്ഷന്മാർ കൺവൻഷനിൽ പങ്കെടുക്കും.

കൺവൻഷന്റെ നടത്തിപ്പിനായി ബെന്നി വർക്കി പെരിയപുറം കൺവീനറായി ചാപ്ലെയിൻമാരായ ഫാ. ജയ്സൺ കരിപ്പായി, ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.