തീവ്രവാദം ആരോപിച്ച് പ്രബോധന സ്വാതന്ത്ര്യം നിഷേധിക്കരുത്
Monday, July 25, 2016 5:36 AM IST
അബാസിയ: തെളിവുകളില്ലാതെ ആരോപണങ്ങളുന്നയിച്ചു ഇസ്ലാമിക പ്രബോധകർക്കുമേൽ തീവ്രവാദമുദ്ര അടിച്ചേൽപ്പിക്കാനും ഇതു മറയാക്കി പ്രബോധന സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങിടാനുമുള്ള അണിയറ ശ്രമങ്ങൾ ഇന്ത്യൻ ഭരണഘടന ഉറപ്പു തരുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നു കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച ചർച്ചാസമ്മേളനം ചൂണ്ടിക്കാട്ടി.

തീവ്രവാദത്തെയും ഭീകര പ്രവർത്തനങ്ങളെയും ഇസ്ലാമോ മുസ്ലിം പൊതു സമൂഹമോ അംഗീകരിക്കുന്നില്ല. ഐഎസ് പോലുള്ള ഭീകര സംഘങ്ങൾ ഇസ്ലാമിന്റെയും മനുഷ്യകുലത്തിന്റെ തന്നെയും ശത്രുക്കളാണെന്നു ഇസ്ലാമിക പണ്ഡിതർ വ്യക്‌തമാക്കിയിട്ടുള്ളതാണ്. ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക വ്യക്‌തിത്വം നിലനിർത്തിക്കൊണ്ടുതന്നെ ഇതര മതസമൂഹങ്ങളോട് നന്മയിലും നീതിയിലും സമാധാനത്തിലും സഹവർത്തിക്കണമെന്നതാണ് ഇസ്ലാമിന്റെ സാമൂഹ്യവീഷണം ഇസ്ലാമിക ആദർശ സംസ്കാരങ്ങൾ കലർപ്പില്ലാതെ പ്രബോധനം ചെയ്യുന്ന സലഫി പ്രസ്‌ഥാനം എക്കാലത്തും തീവ്രവാദത്തിനെതിരേ ശക്‌തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പ്രവാചക ചര്യ പാലിക്കുന്നതിലുള്ള നിഷ്‌ടയെ ആത്മീയ തീവ്രവാദമായി വ്യാഖ്യാനിച്ച് തീവ്രവാദത്തിലേക്കു കൂട്ടിക്കെട്ടുന്ന പ്രചാരണങ്ങൾ അടിസ്‌ഥാനരഹിതമാണ്.

കേരളത്തിൽനിന്നു തിരോധാനം ചെയ്തവരെക്കുറിച്ചു ഉത്തരവാദപ്പെട്ട ഏജൻസികൾ സ്‌ഥിദീകരിക്കണം നൽകുന്നതുവരെ പ്രതിലോമപരമായ പ്രചാരണങ്ങൾ നടത്തുന്നത് അന്യായമാണ്.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. മതസ്പർധ വളർത്താനുള്ള ശ്രമങ്ങൾക്കെതിരേ മതേതര വിശ്വാസികൾ ഒന്നിച്ചു നിൽക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

‘തീവ്രവാദം മതനിഷിദ്ധം, മാനവവിരുദ്ധം’ എന്ന തലക്കെട്ടിൽ അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചർച്ചാ സമ്മേളനത്തിൽ കെ.സി. മുഹമ്മദ് നജീബ് സംസാരിച്ചു. സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി മോഡറേറ്ററായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹരി ബാലരാമപുരം (ഭാരതീയ പ്രവാസി പരിഷത്), തോമസ് മാത്യു കടവിൽ (കല), ചാക്കോ ജോർജുട്ടി (ഒഐസിസി), പ്രവീൺ നന്ദിലത്ത് (കേരള അസോസിയേഷൻ), അനീസ് ഫാറൂഖി (കെഐജി), ബഷീർ ബാത്ത (കെകെഎംസിസി), മുനീർ തുരുത്തി (കെകെഎംഎ), സെന്റർ ദഅവാ സെക്രട്ടറി എൻ.കെ. അബ്ദുൽ സലാം, പബ്ലിക് റിലേഷൻസ് സെക്രട്ടറി ടി.പി. അൻവർ എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷബീർ നന്തി, അസ്ഹർ അത്തേരി എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ