ഒബാമയുടെ സഹോദരന്റെ വോട്ട് ട്രംപിന്
Monday, July 25, 2016 9:49 PM IST
നയ്റോബി: നവംബറിലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിനാണെന്ന് പ്രസിഡന്റ് ബറാക് ഒബാമയുടെ അർധസഹോദരൻ മാലിക് ഒബാമ വ്യക്‌തമാക്കി. ബറാക്കിന്റെ ഭരണത്തിൽ താൻ തൃപ്തനല്ലെന്നും ട്രംപിനെയാണു താൻ അനുകൂലിക്കുന്നതെന്നും കെനിയായിലെ കൊഗേലോയിലെ തറവാട്ടിൽനിന്ന് മാലിക് ഫോണിൽ റോയിട്ടേഴ്സിനോടു പറഞ്ഞു.

മേരിലൻഡിൽ നിരവധി വർഷങ്ങൾ അക്കൗണ്ടന്റായി ജോലി ചെയ്തിട്ടുള്ള മാലിക് അവിടെ രജിസ്റ്റേർഡ് വോട്ടറാണ്.നവംബറിൽ വോട്ടു ചെയ്യാനായി താൻ വീണ്ടും അമേരിക്കയിലെത്തുമെന്നു അദ്ദേഹം ന്യൂയോർക്ക് പോസ്റ്റിനോടു പറഞ്ഞു.

നേരത്തെ ഡെമോക്രാറ്റായിരുന്ന മാലിക് അടുത്തയിടെയാണ് എബ്രാഹം ലിങ്കന്റെ പാർട്ടിയായ റിപ്പബ്ളിക്കൻ പാർട്ടിയിലേക്കു കാലുമാറിയത്. സ്വകാര്യ ഇമെയിൽ സർവറിലൂടെ ഔദ്യോഗിക കത്തിടപാടുകൾ നടത്തിയ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന എഫ്ബിഐ ഡയറക്ടറുടെ തീരുമാനമാണ് തന്നെ ഏറെ നിരാശനാക്കിയതെന്നും മാലിക് പറഞ്ഞു.

മാലിക് ഒരു തവണ ഓവൽഓഫീസിലെത്തി പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബറാക് ഒബാമയുടെ വിവാഹത്തിൽ ഒബാമയുടെ തോഴനായിരുന്നതും മാലിക്കായിരുന്നു. ഒബാമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് കെനിയയിലും പ്രത്യേകിച്ച് കൊഗേലോയിലും ഏറെ ആവേശം ഉണർത്തി. ഒബാമയുടെ പിതാവ് ഹവായിയിൽ ഉപരിപഠനത്തിനു പോകുന്നതിനുമുമ്പ് താമസിച്ചിരുന്നത് കൊഗേലോയിലായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഒബാമ നയ്റോബിയിൽ സന്ദർശനം നടത്തിയിരുന്നു. ബറാക്കിനെ വിമർശിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് മാലിക് പറഞ്ഞു.