ആർച്ച്ബിഷപ് മാർ കുര്യൻ വയലുങ്കൽ അഭിഷിക്‌തനായി
Tuesday, July 26, 2016 12:44 AM IST
കോട്ടയം: ഭക്‌തിസാന്ദ്രമായ പ്രാർഥനകളും സങ്കീർത്തന ആലാപനങ്ങളും ഉയർന്ന പ്രൗഢമായ ചടങ്ങിൽ പപ്പുവാ ന്യൂഗിനിയുടെ അപ്പസ്തോലിക് നുൺഷ്യോയും റസിയാരിയായുടെ സ്‌ഥാനിക മെത്രാപ്പോലീത്തയുമായി മാർ കുര്യൻ വയലുങ്കൽ അഭിഷിക്‌തനായി. ക്നാനായ കത്തോലിക്കാ അതിരൂപതയുടെ ആസ്‌ഥാനമായ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ തിങ്കൾ ഉച്ചകഴിഞ്ഞു നടന്ന തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു.

ഈജിപ്തിലെ മുൻ നുൺഷ്യോ ആർച്ച്ബിഷപ് ഡോ. മൈക്കിൾ ലൂയിസ് ഫിറ്റ്സ്ജെറാൾഡും സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്കരേനാസും സഹകാർമികരായിരുന്നു. കരുണയുടെ വർഷത്തിൽ കേരളസഭയ്ക്കു ഫ്രാൻസിസ് മാർപാപ്പ നൽകിയ വലിയ ആദരവിനും അംഗീകാരത്തിനും സാക്ഷ്യം വഹിക്കാൻ സഭാ തലവൻമാരും അപ്പസ്തോലിക് നുൺഷ്യേച്ചറുകളിൽ നിന്നുള്ള പ്രതിനിധികളും വിവിധ രൂപതാധ്യക്ഷൻമാരും ഉൾപ്പെടെ ആയിരക്കണക്കിനു വിശ്വാസികൾ കത്തീഡ്രലിൽ പ്രാർഥനാനിർഭരരായി ഒത്തുചേർന്നു. ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ച നിയമന ഉത്തരവ് ആർച്ച്ബിഷപ് മൈക്കിൾ ലൂയിസ് ഫിറ്റ്സ്ജെറാൾഡ് ചടങ്ങിൽ വായിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്‌ഥാനപതി ആർച്ച്ബിഷപ് സാൽവത്തോറെ പെനാക്കിയോയുടെ അനുമോദന സന്ദേശം മോൺ. ഹെൻട്രിക് ജഗോദ്സിൻസ്കി വായിച്ചു. അതിരൂപതാ ചാൻസലർ റവ.ഡോ. തോമസ് കോട്ടൂർ പരിഭാഷപ്പെടുത്തി.

സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തി.

മലങ്കര ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ, ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, റവ.ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, തോമസ് മാർ കൂറിലോസ്, മാർ കുര്യാക്കോസ് കുന്നശേരി, മാർ ജോസഫ് പവ്വത്തിൽ, കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാപ്പോലീത്ത, ബിഷപ്പുമാരായ ഡോ. മൈക്കിൾ മുൾഹാൾ, മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ. ജോസഫ് കാരിക്കശേരി, ഡോ. സ്റ്റാൻലി റോമൻ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സൈമൺ കായിപ്പുറം, മാർ ജോസഫ് പണ്ടാരശേരിൽ, മാർ ജോർജ് പള്ളിപ്പറമ്പിൽ, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോസഫ് മാർ തോമസ്, മാർ തോമസ് ചക്യത്ത്, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസ് പുളിക്കൽ, മാർ എഫ്രേം നരികുളം, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ഇന്ത്യയിലെ വത്തിക്കാൻ കാര്യാലയ പ്രതിനിധി മോൺ. മൗറോ ലാലി തുടങ്ങിയവരും സന്നിഹിതരാ യിരുന്നു.