മകളുടെ മിശ്രവിവാഹം ചോദ്യംചെയ്ത പിതാവിന് പിഴ
Tuesday, July 26, 2016 3:44 AM IST
ബംഗളൂരു: മിശ്രവിവാഹിതയായ മകളുടെ വിവാഹം അസാധുവാക്കണമെന്നാവശ്യപ്പെട്ട് അറുപത്തിനാലുകാരനായ പിതാവ് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി.

പിതാവിന് 10,000 രൂപ പിഴയും കോടതി വിധിച്ചു. മകളുടെ ഭർത്താവ് അന്യജാതിക്കാരനാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രാജാജിനഗർ സ്വദേശിയായ ഹനുമന്തപ്പ ഹർജി നല്കിയത്. നേരത്തെ, ഇതേ ആവശ്യം ഉന്നയിച്ച് ഇദ്ദേഹം ബംഗളൂരുവിലെ കുടുംബകോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് മേൽക്കോടതിയെ സമീപിച്ചത്.

ഹനുമന്തപ്പയ്ക്കെതിരേ കടുത്ത നടപടികൾ എടുക്കേണ്ടതാണെങ്കിലും പിഴ മാത്രം ഈടാക്കി വെറുതെ വിടുകയാണെന്നും ജസ്റ്റീസുമാരായ ജയന്ത് പട്ടേൽ, ബി. ശ്രീനിവാസ ഗൗഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നല്കി.

വിവാഹജീവിതത്തിനു തടസമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ദമ്പതികൾ പോലീസിൽ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഹനുമന്തപ്പയുടെ മകൾ കാവ്യശ്രീയും ഭർത്താവ് സന്തോഷും പ്രണയിച്ച് വിവാഹിതരായതാണെന്നും ഉഭയസമ്മതത്തോടെയുള്ള വിവാഹമായതിനാൽ അസാധുവാക്കേണ്ട സാഹചര്യമില്ലെന്നും ദമ്പതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

താൻ പൂർണസമ്മതത്തോടെയാണ് സന്തോഷിനെ വരിച്ചതെന്നും വിവാഹജീവിതം തുടരാനാണ് ആഗ്രഹമെന്നും കാവ്യശ്രീ കോടതിയിൽ ബോധിപ്പിച്ചു. ഇതേത്തുടർന്നാണ് ഹനുമന്തപ്പയ്ക്ക് 10,000 രൂപ പിഴ ഈടാക്കി കോടതി വിധി പ്രസ്താവിച്ചത്. ഈ തുക പിൻവലിക്കാനുള്ള അനുവാദം കാവ്യശ്രീക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.