അബുദാബിയിൽ പ്രവാസ ജീവിതത്തിൽ 40 വർഷം പൂർത്തിയാക്കിയവരെ ആദരിക്കുന്നു
Tuesday, July 26, 2016 4:51 AM IST
അബുദാബി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാമത് വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ അബുദാബി കെഎംസിസി തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കുട്ടികൾക്കുള്ള മത്സരങ്ങൾ, വിവിധ സംസ്‌ഥാനങ്ങളിലെ കലാരൂപങ്ങൾ കോർത്തിണക്കിയ സാംസ്കാരിക സംഗമം, പ്രഭാഷണങ്ങൾ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളാകും സംഘടിപ്പിക്കുക. മുൻ കേന്ദ്ര മന്ത്രി ശശി തരൂർ, മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വി.ടി ബൽറാം എംഎൽഎ, പാറക്കൽ അബ്ദുല്ല എംഎൽഎ, യുഎഇ മതകാര്യ ഉപദേഷ്‌ടാവ് ഷെയ്ഖ് അലി അൽ ഹാഷ്മി തുടങ്ങിയവർ പങ്കെടുക്കും.

ചടങ്ങിൽ പ്രവാസ ജീവിതത്തിൽ 40 വർഷം പൂർത്തിയാക്കിയ 70 പേരെ ആദരിക്കുന്നത്തിനും തീരുമാനിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളി മുതൽ വ്യവസായ പ്രമുഖർ വരെ ജീവിതത്തിലെ വിവിധ മേഖലകളിൽ നിന്നും തിരഞ്ഞെടുത്തവരെയാണ് ആദരിക്കുന്നതെന്നു പ്രസിഡന്റ് നസീർ മാട്ടൂൽ അറിയിച്ചു. എൻഎംസി ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ബി.ആർ. ഷെട്ടി, ഡോ. ചന്ദ്രകുമാരി ഷെട്ടി, പി. ബാവാ ഹാജി, ജോയ് തോമസ് ജോൺ, ജോൺ സാമുവൽ, സുശീല ജോർജ്, ദാവൂദ് ഹാജി, ഇ.പി. മൂസ ഹാജി, തുഷാർ പാട്നി, മോഹൻ ജാഷൻമാൾ, കെ.ബി. മുരളി തുടങ്ങിയവർ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്.

യുഎഇ എക്സ്ചേഞ്ച് പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, ഇസ്ലാമിക സെന്റർ ബി പ്രസിഡന്റ് പി. ബാവാഹാജി, കെഎംസിസി ഭാരവാഹികളായ അഷ്റഫ് പൊന്നാനി, യു. അബ്ദുല്ല ഫാറൂഖി, വി.കെ. ഷാഫി, അബ്ദുൾറഷീദ് പട്ടാമ്പി, അബ്ദുൽ ഹമീദ് കടപ്പുറം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള