ജർമനിയിൽ രോഗി ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി
Tuesday, July 26, 2016 7:07 AM IST
ബെർലിൻ: ജർമൻ തലസ്‌ഥാനമായ ബെർലിനിൽ രോഗി ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബെർലിനിലെ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ആശുപത്രിയിലായിരുന്ന സംഭവം.

ആശുപത്രിയിലെ നാലാം നിലയിലെ എല്ലുരോഗ വിഭാഗത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും പ്രതി ജീവനൊടുക്കിയിരുന്നു. വെടിവയ്പിൽ പരിക്കേറ്റ് ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ കാരണം വ്യക്‌തമല്ല. ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജർമനിയിൽ നടക്കുന്ന അഞ്ചാമത്തെ അക്രമ സംഭവമാണിത്. വൂർസ്ബുർഗിൽ ട്രെയിനിലുണ്ടായ കോടാലി ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. അഭയാർഥിയായ അക്രമിയെ പിന്നീട് പോലീസ് വെടിവച്ചുകൊന്നു.

വെള്ളിയാഴ്ച മ്യൂണിക്കിലെ ഷോപ്പിംഗ് മാളിൽ നടന്ന വെടിവയ്പിൽ ഒൻപതു പേർ കൊല്ലപ്പെട്ടിരുന്നു. ഈ കൃത്യം നടത്തിയത് പതിനെട്ടുകാരനായ ഇറാൻ വംശജനാണ്. പിന്നീട് ഇയാൾ സ്വയംവെടിയുതിർത്തു ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു. ഞായറാഴ്ച സ്റ്റുട്ട്ഗാർട്ടിനടുത്ത് 21 കാരനായ അഭയാർഥിയുടെ കത്തിയാക്രമണത്തിൽ ഗർഭിണി മരിച്ചിരുന്നു. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ