ഫ്രാൻസിൽ ആയുധ ധാരികൾ വൈദികനെ വധിച്ചു
Tuesday, July 26, 2016 8:09 AM IST
പാരീസ്: വടക്കൻ ഫ്രാൻസിലെ ഒരു കത്തോലിക്ക പള്ളിയിൽ ആയുധധാരികളായ അക്രമികൾ വൈദികനെ വധിച്ചു. എൺപത്തിനാലുകാരനായ ജാക് ഹാമ്മൽ എന്ന വൈദികനാണ് അക്രമികളുടെ കത്തിക്കിരയായത്.

റോവനിലെ സെന്റ് എറ്റിയാനെ ഡു റോവ്റി പള്ളിയിൽ ആറുപേരെ ബന്ദികളാക്കിയശേഷമാണ് അക്രമകാരികൾ വൈദികനെ വധിച്ചത്. സംഭവമറിഞ്ഞെത്തിയ കമാൻഡോകൾ അക്രമികളെ വെടിവച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ ബന്ദികളിലൊരാൾ ചികിത്സയിലാണ്.

പള്ളിയിൽ ദിവ്യബലി നടക്കുമ്പോൾ മാരകായുധങ്ങളുമായി രണ്ടുപേർ അതിക്രമിച്ചു കടക്കുകയും പുരോഹിതൻ, കന്യാസ്ത്രീകൾ, വിശ്വാസികൾ എന്നിവരെ ബന്ദികളാക്കുകയുമായിരുന്നു.

ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്നു വ്യക്‌തമല്ലെന്ന് ഫ്രഞ്ച് പോലീസ് വ്യക്‌തമാക്കി. സംഭവത്തെ വത്തിക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദും അപലപിച്ചു.

ഈ മാസം ആദ്യം നീസ് നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ 75 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ആഘോഷത്തിൽ പങ്കെടുത്തുവരുടെ ഇടയിലേയ്ക്ക് ട്രക്ക് ഓടിച്ചു കയറ്റിയാണ് അന്നു ആക്രമണം നടത്തിയത്. പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ