കൊടും ചൂടിൽ വലഞ്ഞ് കുവൈത്ത്
Thursday, July 28, 2016 4:20 AM IST
കുവൈത്ത് : ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തി കുവൈത്ത്. കഴിഞ്ഞ ദിവസം രാജ്യത്തെ മിതർബാഹ് മേഖലയിലാണ് 54 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടത്. കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്ന റിക്കാർഡുകൾ ഭേദിച്ച കൊടും ചൂടിൽ ജനങ്ങൾ വലയുകയാണ്. ജൂൺ ആദ്യത്തോടെ തുടങ്ങിയ വേനൽ ജൂലൈ അവസാനത്തോടെ കഠിനമായിരിക്കുകയാണ്. ജിസിസി രാജ്യങ്ങളിലെല്ലാം ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിവിധ ഘടകങ്ങളാണിതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.ചൂട് കാരണം ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ പുറത്ത് ജോലിചെയ്യിക്കുന്നത് വിലക്കി സർക്കാർ ഉത്തരവുണ്ട്. നേരിട്ട് സൂര്യാതപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് തൊഴിൽമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊടുംചൂടിനെതിരെ മുൻകരുതലുകളെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യാതപം ഉൾപ്പെടെ സാധ്യതയുള്ളതിനാൽ സൂര്യപ്രകാശം ഏറെനേരം നേരിട്ടനുഭവിക്കുന്ന സാഹചര്യം ഒഴിവാണം. നിർജലീകരണം തടയുന്നതിന് ആവശ്യത്തിനു വെള്ളം കുടിക്കണമെന്നും അധികൃതർ അറിയിച്ചു. ചൂടിന്റെ കാഠിന്യം മൂലം വൈദ്യുതി ഉപഭോഗവുമേറി. കുവൈത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗമാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് . ചിലയിടങ്ങളിൽ അമിതമായ ഉപയോഗത്തെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ